ആലപ്പുഴ : സംസ്ഥാന സര്‍ക്കാര്‍ അമേരിക്കയിലെ വന്‍കിട കുത്തക കമ്പനിയ്ക്ക് കേരള തീരം മത്സ്യബന്ധനത്തിനായി തുറന്നു കൊടുക്കാന്‍ അനുമതി നല്‍കിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ പിന്നില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ ആണെന്നും കോടികളുടെ വന്‍ അഴിമതി നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറയുന്നു.
കഴിഞ്ഞ ആഴ്ച കേരള സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയായ ഇഎംസിസി ഇന്റര്‍നാഷണലുമായി 5000 കോടിയുടെ കരാറില്‍ ഒപ്പിട്ടു. ഇഎംസിസിയുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഇടതു മുന്നണിയിലോ മന്ത്രിസഭയിലോ ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതാണ് കരാര്‍. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകും. സ്പ്രിന്‍ക്ലര്‍, ഇ മൊബിലിറ്റി പദ്ധതികളെക്കാള്‍ വലിയ അഴിമതിയാണ് നടന്നിട്ടുളളതെന്നും ചെന്നിത്തല ആരോപിച്ചു.
വിദേശ കപ്പലുകളെ നമ്മുടെ തീരത്തേക്ക് കൊണ്ടു വരാനുളള അപകടകരമായ നീക്കമാണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. വന്‍കിട കുത്തക കമ്പനികളുമായി വലിയ ഗൂഢാലോചനയാണ് നടത്തിയത്. ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ്. മന്ത്രി 2018ല്‍ ന്യൂയോര്‍ക്കില്‍ ഇഎംസിസി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ നടപടിയാണ് കഴിഞ്ഞ ആഴ്ച ഒപ്പിട്ട കരാറെന്നും ചെന്നിത്തല ആരോപിച്ചു.
Post Your Comments