ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പാംഗോങ് തടാകതീരത്തുനിന്നുള്ള ചൈനീസ് പിന്‍മാറ്റം അതിവേഗത്തില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ സംഘര്‍ഷമൊഴിവാക്കുന്നതിന്റെ ഭാഗമായി ഇരുസൈന്യങ്ങളും മേഖലയില്‍ നിന്ന് പിന്മാറുമെന്ന് ധാരണയിലെത്തിയിരുന്നു. പുതിയതായി പുറത്ത് വന്നിരിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളിലാണ് ചൈനയുടെ നീക്കം അതിവേഗമാണെന്ന സൂചന നല്‍കിയിരിക്കുന്നത്.
പ്രദേശത്തുനിന്നും നിരവധി ടെന്റുകളും ബങ്കറുകളും നീക്കിയതായി സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ചൈന ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജനുവരിയില്‍ പുറത്ത് വന്ന സാറ്റലൈറ്റ് ചിത്രങ്ങളിലും ഈ ബങ്കറുകളും ടെന്റുകളും കാണാമായിരുന്നു.
ചൈനീസ് സേന പിന്മാറ്റത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യവും പുറത്ത് വിട്ടിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നീക്കുന്നത് ഇതില്‍ ദൃശ്യമായിരുന്നു. അതേസമയം സേന പിന്മാറ്റത്തിന്റെ പുരോഗതി ഇന്ത്യ, ചൈന സൈനിക മേധാവികള്‍ പരിശോധിച്ചിട്ടുണ്ട്. ഏകദേശം ഏഴായിരത്തോളം സേനാംഗങ്ങളെ മേഖലയില്‍ നിന്ന് ചൈന പിന്‍വലിച്ചതായാണ് വിവരം. സമാനമായ നീക്കം ഇന്ത്യന്‍ ഭാഗത്തും നിന്നും ഉണ്ടാകുമെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments