Election NewsKeralaLatest NewsNewsElection Special

ചങ്കിടിച്ച് സി.പി.എം : വരാൻ പോകുന്നത് സി.പിഎം കോട്ടകളിലേക്ക് ബി.ജെ.പിയുടെ കടന്നുകയറ്റം

തിരുവനന്തപുരം: തുടർഭരണത്തിന് കോപ്പുകൂട്ടുന്ന ഇടതുമുന്നണിക്ക് പരിഭ്രാന്തി സൃഷ്ടിക്കുന്നത് പാർട്ടി കോട്ടകളിലെ പരമ്പരാഗത സി.പി.എം വോട്ടുകൾ ബി.ജെ.പിയിലേക്ക് ചോരുന്നുവെന്ന യാഥാർത്ഥ്യം. സി.പി.എം പുറമെ ഇത് നിഷേധിക്കുന്നുവെങ്കിലും ഗുരുതര രാഷ്ട്രീയ പ്രശ്‌നമായി പാർട്ടിയെ ഇതലട്ടുകയാണ്.

തദ്ദേശഭരണതിരഞ്ഞെടുപ്പിലെ ഉജ്ജ്വലവിജയത്തിനിടയിലും സി.പി.എമ്മിന് ദു:സ്വപ്‌നമാകുന്നത് സംസ്ഥാനകമ്മിറ്റി എത്തിച്ചേർന്ന ഈ നിഗമനമാണ്. ഇത് ഒറ്റപ്പെട്ട കാരണമാണെന്ന് പറഞ്ഞു തള്ളരുതെന്നാണ് കമ്മിറ്റിയുടെ തീരുമാനം. ഇടതിന് വോട്ടുചെയ്തിരുന്ന വിശ്വാസികളൊന്നടങ്കം ഒരു തിരഞ്ഞെടുപ്പിൽ കൂറുമാറിയെന്നതായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം സി.പിഎമ്മിന്റെ വിലയിരുത്തൽ. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സംഭവം അതല്ലെന്ന് സി.പി.എമ്മിനെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്. ഇതാണ് ഇടതുമന്നണിക്കൊന്നടങ്കവും സി.പി.എമ്മിന് പ്രത്യേകിച്ചും ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന അങ്കലാപ്പ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ അവലംബിക്കേണ്ട തന്ത്രത്തെക്കുറിച്ച് സംസ്ഥാനകമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിലെ മുന്നറിയിപ്പ് ഇങ്ങിനെയാണ്: ‘ഹിന്ദു ഭൂരിപക്ഷ ജില്ലകളായ തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർക്കോട് എന്നിവിടങ്ങളിലെ വർദ്ധിച്ച ബി.ജെ.പി വോട്ട് നല്കുന്ന ആപത്കരമായ സൂചന, നമ്മെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ബി.ജെ.പിക്ക് വൊട്ടുചെയ്തുവെന്നതാണ്. നമ്മുടെ സ്വാധീനമേഖലകളിൽ ബി.ജെ.പിക്ക് അനുകൂലമായുള്ള വോട്ടുചോർച്ച പ്രതേ്യകമായി പരിശോധിക്കണം. ഏതുസാമൂഹിക വിഭാഗങ്ങളാണ് ബി.ജെ.പിയിലേക്ക് പോകുന്നതെന്ന കാര്യം പരിശോധിക്കണം.’

Read Also: കേരളത്തിന് നീതി ഉറപ്പാക്കാൻ ബിജെപി വരണം; മെട്രോമാൻ ബിജെപിയിലേക്ക്

സംസ്ഥാനസെക്രട്ടറിയേറ്റും കമ്മിറ്റിയും നടത്തിയ പ്രാഥമിക പരിശോധനയിൽ രണ്ടുകാര്യങ്ങളാണ് പാർട്ടിക്ക് ബോധ്യപ്പെട്ടത്.

1. പരമ്പരാഗതമായി പാർട്ടിക്ക് അടിത്തറയുള്ള പ്രദേശങ്ങളിൽ ബി.ജെ.പി തടയാനാവാത്തവിധം കടന്നുകയറിയിരിക്കുന്നു.
2. കേരളത്തിലെ പാർട്ടിയുടെ സ്വാധീനമേഖലയെ തകർക്കുകയെന്ന സംഘപരിവാർ ലക്ഷ്യം ഇതിന് പിന്നിലുണ്ട്. അത് പ്രതിരോധിക്കാനുതകുന്ന വിധത്തിലുള്ള വൈരുദ്ധ്യാത്മകഭൗതികവാദമൊന്നും പാർട്ടി അനുകൂലികളെപ്പോലും പാർട്ടിയോടടുപ്പിക്കുന്നില്ല.

രണ്ടു നിഗമനങ്ങളും പാർട്ടിയുടെ ഉറക്കം കെടുത്തുന്നതാണ്. ഭൂരിപക്ഷ വോട്ടുബേങ്കാണ് സി.പി.എമ്മിന്റെ അടിത്തറ. അതിൽ ബി.ജെ.പി കടന്നുകയറുന്നുവെന്നാണ് പാർട്ടി പറയാതെ പറയുന്നത്. സംഘപരിവാറിന്റെ മുഖ്യശത്രു കോൺഗ്രസല്ല, സി.പിഎമ്മാകാമെന്നതാണ് രണ്ടാമത്തെ നിഗമനം വെളിപ്പെടുത്തുന്നത്.

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന് ആരെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തണമെന്ന പ്രശ്‌നത്തിൽ ബി.ജെ.പിയിലും സംഘപരിവാരത്തിലും നടക്കുന്ന സംവാദത്തിൽ ഉന്നമിടുന്നത് സി.പിഎമ്മിനെയാണോയെന്ന സന്ദേഹത്തെ ഈ നിഗമനം ബലപ്പെടുത്തുന്നു. സി.പി.എമ്മിന്റെ ഹൈന്ദവ അടിത്തറ തകർത്തുകൊണ്ടുമാത്രമേ, കേരളത്തിൽ ബി.ജെ.പിക്ക് കടന്നുകയറാൻ കഴിയുവെന്നത് ആർ.എസ്.എസ് മനസിലാക്കിയിട്ടുണ്ടെന്നതും പാർട്ടിയെ അലോസരപ്പെടുത്തുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ടുശതമാനം പൊതുവിൽ കൂടിയില്ലെന്നു പറഞ്ഞാലൊന്നും സമാശ്വസിക്കാൻ കഴിയില്ലെന്നതാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ ബോധ്യം.

കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ബി.ജെ.പി വോട്ടുകൾ കുത്തനെ കൂടുന്നുണ്ട്. ന്യൂനപക്ഷവിഭാഗങ്ങൾ ശക്തമായ ജില്ലയിലും ബി.ജെ.പി ഇപ്പോൾ എഴുതി തള്ളാൻ പറ്റാത പാർട്ടിയായി വളർന്നുവരുന്നു. തൃശൂരും കാസർക്കോടും കണ്ണൂരും കോഴിക്കോടും 30 ശതമാനത്തോളം വളരാൻ ബി.ജെ.പിക്ക് ഇനിയും കഴിയുമെന്നതും സി.പി.എം രഹസ്യമായി ചർച്ചചെയ്തു കഴിഞ്ഞു.

Read Also : അയോധ്യ ശ്രീരാമക്ഷേത്ര നിര്‍മാണം സ്വാഗതാര്‍ഹമെന്ന് ഡോ. സിറിയക് തോമസ്

നഗരമേഖലകളിലെ യുവാക്കളെ ബി.ജെ.പി സ്വാധീനിക്കുന്നതുപോലെ തന്നെ ഗ്രാമീണമേഖലകളിലെ യുവത്വം ബി.ജെ.പിയെ പുരോഗമനപാർട്ടിയായി കണ്ട് അതിലംഗത്വമെടുക്കുന്നതിന് താല്പര്യപ്പെടുന്നതായും സി.പി.എം വിലയിരുത്തിയിട്ടുണ്ട്. ബി.ജെ.പിയിലേക്ക് നേരിട്ടും ബി.ഡി.ജെ.എസ് ഉൾപ്പെടെയുള്ള സംഘടനകൾ വഴി പോയ വോട്ടുകളും തിരികെയെത്തിക്കാൻ കൊണ്ടുപിടിച്ച ശ്രമം നടത്തിയാലെ രക്ഷയുള്ളുവെന്ന നിഗമനത്തിലാണ് സി.പി.എം ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.

ഇടതുമുന്നണിയും ഈ യാഥാർത്ഥ്യമംഗീകരിക്കാൻ സി.പിഎമ്മിനോട് നിർദ്ദേശിച്ചിരിക്കുകയാണ്. ഇതൊക്കെയൊന്ന് ശരിയായാലെ തുടർഭരണത്തെക്കുറിച്ച് പുറത്തുപറയാവുവെന്ന നിലയിലാണ് മുന്നണി നേതൃത്വം. 2016ലെ തിരഞ്ഞെടുപ്പിൽ നിന്നും ഭിന്നമായി യു.ഡിഎഫിൽ നിന്നും ബി.ജെ.പിയിലേക്ക് വോട്ടുകൾ ചോർന്നതെങ്കിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ തങ്ങളിൽ നിന്നും ചോരുന്ന വോട്ടുകൾ എത്രമാത്രമായിരിക്കുമെന്ന കാര്യത്തിലാകെ അങ്കലാപ്പിലാണ് മുന്നണി ശബരിമല വിഷയമുയർത്തിവിട്ടിരിക്കുന്ന ഈ ഇടർച്ചക്ക് പിന്നാലെ, സ്വർണ്ണക്കടത്ത്, ആരോഗ്യ- വിദ്യാഭ്യാസ- നിയമനമേഖലകളിലെ അസ്വാരസ്യങ്ങൾക്ക് മുന്നണി എത്രമാത്രം വിലനല്‌കേണ്ടിവരുമെന്ന് ഇരുത്തി ചിന്തിപ്പിക്കുകയാണിപ്പോൾ.

shortlink

Post Your Comments


Back to top button