കോട്ടയം: വിശ്വാസികളുടെ വിശ്വാസമാർജിക്കാൻ സി.പി.എം. താഴെത്തട്ടിൽ ശ്രമംതുടങ്ങി. അനുഭാവികളെ ഉപയോഗിച്ച് വിശ്വാസികളെ നേരിൽക്കണ്ട് സംസാരിക്കുന്നതടക്കമുള്ള പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബി.ജെ.പി. മുന്നേറ്റമുണ്ടാക്കിയ ഇടങ്ങളിൽ ഈ പ്രവർത്തനം ശക്തമായി നടത്തും. ആർ.എസ്.എസ്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന സേവനപ്രവർത്തനങ്ങൾ മനസ്സിലാക്കി മാതൃകയാക്കാവുന്നവ സ്വീകരിക്കും.
സംഘർഷമോ പ്രദേശത്ത് അലോസരമോ ഇല്ലാത്തവിധംവേണം ഇത് നടപ്പാക്കാൻ. സംഘപരിവാർ വിട്ടുവന്നവരെ വിവിധ പ്രവർത്തനങ്ങളിലേക്ക് ഉൾപെടുത്തും. ചെറിയ കൂട്ടായ്മകൾ, കുടുംബയോഗങ്ങൾ എന്നിവ വിളിച്ച് പാർട്ടിക്കൊപ്പം നിൽക്കുന്ന വിശാലവേദി രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന് ഔദ്യോഗികമായ ഘടനയോ ഭാരവാഹികളോ ഉണ്ടാകില്ല. ക്ഷേത്രസമിതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അനുഭാവികളോട് നിർദേശിച്ചിട്ടുണ്ട്.
ഹിന്ദുമതത്തിലെ വിവിധ സമുദായസംഘടനകളിൽ പ്രവർത്തിക്കുന്നവരുമായി നിരന്തരം ബന്ധപ്പെടണമെന്ന് പ്രാദേശികനേതാക്കളോട് നിർദേശിച്ചു. അവർക്ക് പറയാനുള്ളത് കേൾക്കണം. പ്രാദേശികപാർട്ടിനേതാക്കൾ സമുദായയോഗങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കില്ല. അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ബി.ജെ.പി. ഭരണം പിടിച്ചെടുത്ത പന്തളത്ത് ഈ പ്രവർത്തനം മുന്നോട്ടുപോയിട്ടുണ്ട്.
വാർഡുകൾ കേന്ദ്രീകരിച്ചുള്ള കുടുംബയോഗങ്ങൾ പൂർത്തിയായി. ശബരിമല വിവാദമുണ്ടായ സമയത്ത് അകന്നുപോയവരെ നേരിൽക്കാണുന്നത് തുടരുകയാണ്. പാർട്ടി അനുഭാവികളായ വിശ്വാസികളെ ഒപ്പംചേർത്താണ് ഈ കൂടിക്കാഴ്ച. ഏതുരീതിയിലാണ് തെറ്റിദ്ധാരണയുണ്ടായത്, മാറിപ്പോകാൻ കാരണമെന്ത്, സി.പി.എം. എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ ഇവരോട് ചോദിച്ചറിയുന്നുണ്ട്. ഒരു വിശ്വാസത്തിനും പാർട്ടി എതിരല്ലെന്ന സന്ദേശംനൽകും. വിവിധ മതവിശ്വാസങ്ങളെ സംരക്ഷിക്കാൻ പാർട്ടി നടത്തിയ പോരാട്ടങ്ങളും ഓർമ്മിപ്പിക്കാനാണ് തീരുമാനം.
Post Your Comments