ഗ്രേറ്റ തുൻബർഗിൻ്റെ ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ദിഷ രവിക്ക് വേണ്ടി ‘അലയടിക്കുന്ന’ പ്രതിഷേധത്തെ പരിഹസിച്ച് ശങ്കു ടി ദാസ്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെ ഈ രാജ്യം എങ്ങനെ നേരിടും എന്ന അനുഭവജ്ഞാനത്തിൻ്റെ പുറത്താണ് ഈ ‘അലയടികളെ’ പുച്ഛത്തോടെ തള്ളിക്കളയുന്നതെന്നാണ് ശങ്കു ടി ദാസ് വ്യക്തമാക്കുന്നത്. ദിഷയ്ക്ക് വേണ്ടിയുള്ള പ്രതിഷേധ ‘അലയടികൾ’ കുറച്ച് കഴിയുമ്പോൾ അവസാനിക്കുമെന്ന് ശങ്കു ഫേസ്ബുക്കിൽ കുറിച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട എത്ര പേരിവിടെ പ്രതിഷേധ അല കൊണ്ട് മോചിതരായിട്ടുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു. ശങ്കു ടി ദാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ദിഷാ രവിയുടെ അറസ്റ്റ്: പ്രതിഷേധം അലയടിക്കുന്നു എന്നിട്ട്? എന്നിട്ടൊന്നുമില്ല. അലയടിച്ചു കൊണ്ടേയിരിക്കുന്നു. ഇരിക്കട്ടെ. കുറച്ചു കഴിഞ്ഞാൽ കിടന്നോളും. ഓഹ് പരിഹാസം. അധികാരത്തിന്റെ മുഷ്‌ക്ക്. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തി കളയാം എന്ന ഫാസിസ്റ്റ് ഭരണകൂട ധാർഷ്ട്യം. അല്ല. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെ ഈ രാജ്യം എങ്ങനെ നേരിടും എന്ന അനുഭവ ജ്ഞാനം. ഇങ്ങനെ കൂടെ കൂടെ പ്രതിഷേധം അലയടിപ്പിക്കും മുൻപ് ഇതിനു മുൻപ് അടിച്ച അലകൾക്ക് ഒക്കെ എന്ത് പറ്റി എന്ന് ആലോചിച്ചു നോക്കണം.
Also Read:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; യുവാവ് അറസ്റ്റിൽ
അതൊക്കെ ചായ കോപ്പയിലെ കൊടുങ്കാറ്റായി ഒതുങ്ങി പോവുകയേ ഉണ്ടായിട്ടുള്ളൂ. സിദ്ധിക് കാപ്പന്റെ കാര്യം എന്തായി? കഴിഞ്ഞ വർഷം ഒക്ടോബറിൽ അറസ്റ്റ് ചെയ്തതാണല്ലോ ഹത്രാസിൽ സാമുദായിക കലാപം ഉണ്ടാക്കാൻ ശ്രമിച്ച കേസിൽ. അതിനെതിരെ പ്രതിഷേധിക്കാൻ പത്ര പ്രവർത്തക യൂണിയനും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഇടതു ലിബറൽ അവകാശ ആക്റ്റിവിസ്റ്റുകളും ഒക്കെ കൂടി കച്ച മുറുക്കി ഇറങ്ങിയതാരുന്നല്ലോ.
കൊടി കെട്ടിയ വക്കീലന്മാരെ സി.ജെ.എം കോടതി മുതൽ സുപ്രീം കോടതി വരെ നിരത്തിയതാണല്ലോ. എന്നിട്ട് മോചിപ്പിച്ചോ? ഇന്നിപ്പോൾ നാല് മാസത്തെ തടവ് കഴിഞ്ഞു അഞ്ചു ദിവസത്തെ ജാമ്യത്തിൽ ഉമ്മയെ കാണാൻ സമ്മതിച്ചിട്ടുണ്ട്. ആറാം ദിവസം വീണ്ടും ജയിലിൽ ആണ്.
വരവര റാവുവിന്റെ കാര്യം എന്തായി? 2018 മുതൽ പ്രതിഷേധം അലയടിപ്പിച്ചിരുന്നല്ലോ. രണ്ട് കൊല്ലം ആയിട്ട് മോചിപ്പിച്ചോ? ഭീമാ കൊറിഗോൺ കലാപം ആസൂത്രണം ചെയ്ത സുധീർ ദാവ്ലെ, മഹേഷ് റൗത്, ഷോമാ സെൻ, സുരേന്ദ്ര ഗഡ്ലിംഗ്, റോണാ വിൽസൻ, സുധാ ഭരദ്വാജ്, വെർനോൺ ഗോൺസാൽവസ് എന്നിവരുടെയൊക്കെ കാര്യം എന്തായി? ബുദ്ധിജീവികളെയും ആക്റ്റിവിസ്റ്റുകളെയും വേട്ടയാടുന്നു എന്ന് പറഞ്ഞു വലിയ പ്രതിഷേധം അലയടിച്ചിരുന്നല്ലോ! മോചിപ്പിച്ചോ? ഷർജീൽ ഇമാമിന്റെ കാര്യം എന്തായി? ജാമിയാ മിലിയ സർവകലാശാല കേന്ദ്രീകരിച്ചു CAA-NRC വിരുദ്ധ കലാപം സംഘടിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തതാണല്ലോ. ഇപ്പോളും പുറത്തിറങ്ങിയിട്ടില്ലല്ലോ!
Also Read:വഞ്ചനാ കേസ്; സണ്ണി ലിയോണിനെതിരെയുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്
ഉമർ ഖാലിദ് ഇപ്പൊ എവിടെയുണ്ട്? സ്റ്റാൻ സ്വാമി ഇപ്പോളും അകത്തല്ലേ? ഇഷ്റത് ജഹാന് ജാമ്യം കിട്ടിയോ? രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട എത്ര പേരിവിടെ പ്രതിഷേധ അല കൊണ്ട് മോചിതരായിട്ടുണ്ട്? അതാണ് അനുഭവ ജ്ഞാനം. ഈ പ്രതിഷേധവും പിന്തുണയും കണ്ടിട്ട് ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കാൻ ഇറങ്ങി തിരിച്ചാൽ അകത്തു പോവുമ്പോൾ അല പോയിട്ട് നല്ലൊരു കൊതുകുവല പോലും ഉണ്ടാവില്ലെന്ന ബോധം. ഈ രാജ്യം ഒരേ സമയം വാത്സല്യ നിധിയായ അമ്മയും കർക്കശക്കാരനായ അച്ഛനുമാണ്. വിദേശത്ത് കുടുങ്ങിയ സ്വന്തം പൗരന്മാരെ എന്ത് ത്യാഗം സഹിച്ചും മടക്കി കൊണ്ട് വരുമ്പോൾ തന്നെ അതിന് അകത്തിരുന്നു ഭീകരത നടത്തുന്ന ദേശ ദ്രോഹികളെ വെളിച്ചം കാണാതെ പൂട്ടിയിടാനുമറിയാം. ഇന്ത്യ എന്ന ക്ഷേമ രാഷ്ട്രത്തെ മാത്രമേ നിങ്ങൾക്കറിയൂ. ഭാരതം എന്ന ഡീപ് സ്റ്റേറ്റിനെ അറിയില്ല. തന്റെ അഖണ്ഡതയും പരമാധികാരവും കാത്തു രക്ഷിക്കാൻ ആറ് യുദ്ധം ചെയ്ത രാജ്യമാണിത്.
https://www.facebook.com/sankutdas/posts/10158286364177984
Post Your Comments