KeralaLatest NewsNews

കോടിക്കണക്കിന് രൂപയുടെ സഹായം ചെയ്തിട്ട് എന്നെ കള്ളനാക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ അഭിമാനമാണ് തകര്‍ന്നുപോകുന്നത്

മനംമടുത്ത് ഫിറോസ് കുന്നുംപറമ്പില്‍

കോടിക്കണക്കിന് രൂപയുടെ സഹായം ചെയ്തിട്ട് എന്നെ കള്ളനാക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ അഭിമാനമാണ് തകര്‍ന്നുപോകുന്നത്, മനംമടുത്ത് ഫിറോസ് കുന്നുംപറമ്പില്‍. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറിയേക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍. ചികിത്സാസഹായ അഭ്യര്‍ത്ഥനകളുമായി എത്തിയവരോട് വൈകാരികമായി പ്രതികരിച്ച ഫിറോസ് താന്‍ സഹായം ചെയ്യുന്നതിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി.

Read Also ; രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

സഹായിച്ചിട്ട് ഞാന്‍ കള്ളാനാകേണ്ട ആവശ്യമുണ്ടോയെന്ന് ഫിറോസ് ചോദിച്ചു. രോഗികളെ സന്തോഷത്തോടെ ഏല്‍പ്പിക്കുക,  കൊടുത്തുകഴിയുമ്പോള്‍ നമ്മളെ കള്ളനാക്കുന്ന രീതിയിലൊക്കെ വലിയ മന: പ്രയാസമുണ്ട്. സഹായിച്ച ആളുകള്‍ കള്ളനാകുന്ന സാഹചര്യം. എന്തിനാണിങ്ങനെ പ്രവര്‍ത്തിക്കുന്നത്. എനിക്ക് വയ്യ, ഇങ്ങനെ പരാതി കേട്ട് ഇങ്ങനെ ചെയ്യാന്‍. ഒരാള്‍ മൊബൈലുമായി വന്ന് ഫിറോസ് കള്ളനാണ് എന്ന് പറയിപ്പിച്ച് എന്നെ കള്ളനാക്കേണ്ട കാര്യമില്ലെന്നും ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു.

കോടിക്കണക്കിന് രൂപയുടെ സഹായം ചെയ്തിട്ട് എന്നെ കള്ളനാക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ അഭിമാനമാണ് തകര്‍ന്നുപോകുന്നത്. ഒന്നും ചെയ്യാതെ മിണ്ടാതെ നിന്നാല്‍ അത്രയെങ്കിലും സമാധാനം എന്ന തരത്തിലാണ് ഇപ്പോള്‍ പോകുന്നത്. എന്തായാലും നിങ്ങളുടെ അപേക്ഷകള്‍ ഞാന്‍ വാങ്ങിച്ചുവെയ്ക്കും. ബാക്കിയുള്ള കാര്യങ്ങള്‍ പിന്നെ പരിഗണിക്കുമെന്നും ഫിറോസ് അപേക്ഷകരോട് പറഞ്ഞു.

മാനന്തവാടി പൊലീസ് എന്റെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയേ ചെയ്തിട്ടില്ല. സാമ്പത്തിക കുറ്റാരോപണം ആയതുകൊണ്ട് പ്രാഥമികാന്വേഷണം നടത്താതെ പ്രതിയാക്കില്ല. എനിക്കെതിരെ കേസെടുക്കാന്‍ ഒരു തെളിവുപോലുമില്ല. പണം നല്‍കിയതിന്റേയും മറ്റൊരു രോഗിയ്ക്ക് കൈമാറിയതിന്റേയും കൃത്യമായ സ്റ്റേറ്റ്മെന്റുകള്‍ കൈയിലുണ്ട്. അത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം നടക്കുന്നു. രണ്ടു പേര്‍ ഒന്നര വര്‍ഷമായി തുടര്‍ച്ചയായി വ്യക്തിഹത്യയ്ക്ക് ശ്രമിക്കുന്നു. ഈ കേസും അതിന്റെ ഭാഗമാണ്. ചികിത്സാ സഹായം സ്വീകരിക്കുന്ന രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് അവരെ എനിക്കെതിരെ ഉപയോഗിക്കുന്നു.

സ്വന്തം ചികിത്സയ്ക്ക് പണം ലഭിച്ച ശേഷം അധികമായി കിട്ടുന്ന തുക ദുരിതമനുഭവിക്കുന്ന മറ്റൊരാള്‍ക്ക് കൈമാറാന്‍ പലരും മടി കാണിക്കുന്നത് വേദനാജനകമാണ്. ധനസഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ കാര്യം നടന്നുകഴിയുമ്പോള്‍ സമാന സാഹചര്യത്തിലുള്ളവരോട് അനുകമ്പ കാണിക്കാത്തത് ഞെട്ടലുണ്ടാക്കുന്നു. രോഗികളുടെ കുടുംബങ്ങള്‍ ഇങ്ങനെ പെരുമാറിയാല്‍ ജീവകാരുണ്യപ്രവര്‍ത്തനം മുന്നോട്ടുപോകില്ല. തുക അക്കൗണ്ടിലെത്തുമ്പോള്‍ മുഴുവനും വേണം, മറ്റ് രോഗികള്‍ക്ക് കൊടുക്കില്ലായെന്ന് വാശി പിടിക്കുന്നതാണ് പ്രശ്നം.

നന്മയുള്ളവര്‍ എന്നിലര്‍പ്പിക്കുന്ന വിശ്വാസമാണ് പണമായി മാറുന്നത്. വീഡിയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പലരും വരുന്നത് എന്റെ വിശ്വാസ്യത കൊണ്ടാണ്. ഞാനില്ലെങ്കിലും ചാരിറ്റി നടക്കും. വേറെ ആളുകള്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തും. പക്ഷെ, ഞാന്‍ വഴി സഹായം ലഭ്യമായേക്കുന്ന ആളുകളുണ്ട്. അവര്‍ക്ക് വേണ്ടിയാണിത് തുടരുന്നത്. രോഗികളും കുടുംബങ്ങളും ആവശ്യപ്പെടുന്നതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത്. സ്വന്തം ഫേസ്ബുക്കില്‍ സ്വയം വീഡിയോ ചെയ്താല്‍ ചികിത്സയ്ക്ക് വേണ്ട ഭീമമായ തുക കിട്ടിയേക്കില്ല. എന്നെ വിശ്വസിച്ച് നല്ല മനുഷ്യര്‍ പണം തരുമെന്നതുകൊണ്ടാണ് എന്റെ ആവശ്യകതയുണ്ടാകുന്നതും, എന്നെ വിളിക്കുന്നതും. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒടുവില്‍ കുറ്റപ്പെടുത്തലും വിമര്‍ശനവുമാണ് തങ്ങള്‍ക്ക് തിരിച്ചുകിട്ടുക എന്ന് ബോധ്യമുള്ളവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button