കൊല്ലം : സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി സ്വർണ്ണക്കടത്ത് തുടരുമ്പോൾ അന്വേഷണാനുമതി ഇല്ലാതെ നിസ്സഹായരായി സിബിഐ. ഏറ്റവുമൊടുവിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണവും പണവും മിന്നൽ പരിശോധനയിലൂടെ സിബിഐ പിടിച്ചെടുത്ത കേസും അട്ടിമറിക്കപ്പെട്ടു. സ്വന്തം നിലയിൽ കേസെടുത്ത് അന്വേഷണം നടത്താൻ സിബിഐക്കുണ്ടായിരുന്ന അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചതാണ് കാരണം.
വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മിന്നൽ പരിശോധന നടത്തി സ്വർണം ഉൾപ്പെടെയുള്ളവ പിടിച്ചെടുത്ത സംഭവങ്ങളിൽപോലും കേസ് റജിസ്റ്റർ ചെയ്യാനാവാതെ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസി നിസ്സഹായരാകുന്നു. ജനുവരി 11ന് രാത്രിയിലും 12ന് പുലർച്ചെയുമായി കരിപ്പൂർ വിമാനത്താവളം വഴി ദുബായിൽ നിന്നു കടത്തിക്കൊണ്ടു വന്നതുൾപ്പെടെ 1.17 കോടിയോളം രൂപയുടെ സ്വർണം, വിദേശ കറൻസി, സിഗരറ്റുകൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇതിനു കൂട്ടുനിന്നെന്ന പേരിൽ കസ്റ്റംസ് സൂപ്രണ്ടുമാർ, ഇൻസ്പെക്ടർമാർ ഉൾപ്പെടെ 9 ഉദ്യോഗസ്ഥരെ പിന്നീട് സസ്പെൻഡ് ചെയ്തു. ഈ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ അനുമതി ആവശ്യപ്പെട്ടു സംസ്ഥാന സർക്കാരിനു കത്തു നൽകി ഒരു മാസമായിട്ടും മറുപടിയില്ല.
എഫ്ഐആർ റജിസ്റ്റർ ചെയ്താൽ മാത്രമേ ഇത്തരം പരിശോധനകൾക്ക് അന്വേഷണോദ്യോഗസ്ഥന് അധികാരമുള്ളൂ. അനുമതി വൈകുന്നതിനാൽ കൂടുതൽ തെളിവുകൾ കണ്ടെത്തുക ഇനി അസാധ്യമാകും.
Post Your Comments