കൊച്ചി: സംസ്ഥാനത്തെ മുന്നണികളിൽ ഇത് ശുദ്ധികലശത്തിൻ്റെ സമയമാണെന്നും വരുന്ന ദിവസങ്ങളിൽ മുന്നണികളിൽ പുതിയ കക്ഷികളുടെ വരവും പോക്കും ആവർത്തിക്കുമെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. എൻ.സി.പിയുടെ മുന്നണി മാറ്റത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ലീഗ് നേതാവ്. മാറ്റങ്ങൾ വരുമെന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞ കുഞ്ഞാലിക്കുട്ടി, നിങ്ങൾ ഞെട്ടാൻ പോവുകയാണെന്നും വ്യക്തമാക്കി.
അതേസമയം, മുന്നണിയിലേക്ക് പോവുകയും വരികയും ചെയ്യുന്ന കക്ഷികൾ ഏതെന്ന് പറയാൻ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. സംവരണ വിഷയത്തിലുൾപ്പെടെ കോൺഗ്രസുമായി ഭിന്നമായ നിലപാട് ലീഗ് പുലർത്തുന്ന സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഇടതു മുന്നണിയിൽ സി.പി.എമ്മിൻ്റെ സീറ്റുകളെല്ലാം പിടിച്ചെടുക്കാനുള്ള നിലപാടിൽ സി.പി.ഐയുടെ അസംതൃപ്തിയും തുടരുകയാണ്. നേരത്തെ മത്സരിച്ച സീറ്റുകൾ മതിയെന്ന നിലപാട് സ്വീകരിച്ചെങ്കിലും തങ്ങൾ ജയിച്ച സീറ്റുകളിൽ അവകാശവാദമുന്നയിക്കാൻ സി.പി.എം ശ്രമിച്ചാൽ വഴങ്ങേണ്ടതില്ലെന്നാണ് സി.പി.ഐയുടെ അപ്രഖ്യാപിത തീരുമാനം.
Also Read:അന്ന് പഠനം മുടങ്ങി, ഹോട്ടലില്‍ പാത്രം കഴുകല്‍ ; ഈ ഓട്ടോക്കാരന്റെ മകള്‍ ഇന്ന് മിസ് ഇന്ത്യ റണ്ണറപ്
കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണിയിൽ വന്നതോടെ സി.പി.എം നിലപാട് തങ്ങൾക്കെതിരെ കൂടുതൽ ശക്തമായിട്ടുണ്ടെന്ന പൊതുവികാരം കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കൗൺസിലിൽ ഒരു വിഭാഗം ഉന്നയിച്ചതാണറിവ്. ഈ നിലപാട് എൽ.ഡി.എഫിനകത്തെ മറ്റു കക്ഷികളിലും സജീവമായിട്ടുണ്ട്. എൽ.ഡി.എഫിലേക്ക് വന്ന സാഹചര്യത്തിൽ നിന്നും ഏറെ മാറിയാണ് കാര്യങ്ങളുടെ പോക്കെന്ന് ലോക് താന്ത്രിക് ജനതാദളിലും ചിലർ സൂചന നല്കിയിട്ടുണ്ട്. ദേവഗൗഡ നേതൃത്വം നല്കുന്ന ജനതാദളുമായി ലയിക്കാൻ സി.പി.എം സമ്മർദ്ദമുണ്ടായതിൽ പാർട്ടിക്കകത്ത് നേരത്തെ ഈ വിഭാഗം ശക്തമായ വിയോജനം രേഖപ്പെടുത്തിയിരുന്നു.
സി.കെ. നാണു നേതൃത്വം നല്കുന്ന ജനതാദളി നോട് സി.പി.എം പുലർത്തുന്ന മമതക്കെതിരെ ശക്തമായ മുറുമുറുപ്പാണ് പാർട്ടിക്കുള്ളത്. തങ്ങൾക്ക് യു.ഡി.എഫിലുണ്ടായിരുന്ന കാലത്ത് കിട്ടിയ സീറ്റുകൾ ഇപ്പോൾ നല്കണമെന്ന് എൽ.ജെ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ മുന്നണിയിലില്ലാതിരുന്ന കക്ഷികൾ കൂടി വന്നതോടെ നിയമസഭാ സീറ്റിൻ്റെ വിഭജനം എൽ.ഡി.എഫിൽ കീറാമുട്ടിയായി തുടരുന്ന സാഹചര്യത്തിൽ അസംതൃപ്തരായവർ പുറത്തു വന്നു കൂടായ്കയില്ല. യു.ഡി എഫിലാവട്ടെ കക്ഷികളുടെ എണ്ണം കഴിഞ്ഞ തവണത്തേതിലും കുറഞ്ഞെങ്കിലും കോൺഗ്രസിൻ്റെ പ്രകടനത്തിൽ ഘടകകക്ഷികൾ അസംതൃപ്തരാണ്.
Also Read:ഉത്തരാഖണ്ഡ് ദുരന്തം: രണ്ടുപേരെ കൂടി ജീവനോടെ കണ്ടെത്തി, രക്ഷാപ്രവർത്തനം തുടരുന്നു
കേരള കോൺഗ്രസ് ജോസഫ് വിഭാഗം എൽ.ഡി.എഫിൽ ജോസ് വിഭാഗത്തിനു കിട്ടുന്ന പരിഗണന തങ്ങൾക്ക് യു.ഡി.എഫിൽ കിട്ടുന്നില്ലെന്ന ആവലാതിയിലുമാണ്. എൻ.ഡി.എയിൽ നിന്നും ബി.ജെ.ഡി.എസ് പിളർന്നു വന്ന ഭാരതീയ ജനസേനക്ക് സീറ്റു നല്കാൻ തീരുമാനമായാൽ ചെറുകക്ഷികളുടെ അസംതൃപ്തി യു.ഡി.എഫിൽ പുകയും. എൻ.ഡി.എയിലാവട്ടെ ഘടകകക്ഷികൾ ആത്മവിശ്വാസമില്ലാത്ത നിലയിലുമാണ്. ഈ സാഹചര്യത്തിൽ മുന്നണി സംവിധാനങ്ങൾ സംബന്ധിച്ച കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്ക് ഏറെ പ്രാധാന്യമുണ്ട്.
നയങ്ങളിലും കക്ഷി ബന്ധങ്ങളിലും തുടരുന്ന അസംതൃപ്തി പുകയുന്ന സാഹചര്യത്തിൽ, കോൺഗ്രസ് – സി.പി.എം- ബി.ജെ.പി ഇതര കക്ഷികളിലെ അസംതൃപ്തരെ കൂട്ടിയോജിപ്പിച്ച് സി.പി.ഐയും മുസ്ലീം ലീഗും നേതൃത്വം നല്കുന്ന മുന്നണി കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ളവരുടെ സ്വപ്നമാണ്. ഈ സാഹചര്യം പൂവണിയുമോയെന്നാണ് ചോദ്യമുയരുന്നത്. മുന്നണി മാറ്റം ആഗ്രഹിക്കുന്ന കക്ഷികൾ ഏതൊക്കെയാണെന്ന ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിയുടെ ‘ഉത്തരവാദിത്വപ്പെട്ടവർ വെളിപെടുത്തുമെന്ന ‘ഉത്തരം ഈ അടിയൊഴുക്കുകളിലൂന്നിയാണെന്നതാണ് ശ്രദ്ധേയം.
Post Your Comments