Latest NewsArticleKeralaNewsWriters' Corner

കോൺഗ്രസ് ടിക്കറ്റിൽ മേജർ രവി നിയമസഭയിലേക്ക്? ഇടതു മാറി താമര ചവുട്ടി വലത്തേക്ക് !

‘തനിക്കൊന്നും കിട്ടാത്തത് കൊണ്ടാകും’ ഈ കൂടുമാറ്റമെന്ന ആരോപണവും അദ്ദേഹത്തിന് നേരെ ഉയരുന്നുണ്ട്.

അടുത്തിടെ ബിജെപിക്കെതിരെ സംവിധായകൻ മേജർ രവി സ്വരമുയർത്തിയപ്പോൾ ബിജെപി ഒന്നുറപ്പിച്ചിരുന്നു, ഈ പോക്ക് അത്ര ശരിയല്ല എന്ന്. അവിശ്വസനീയമായ എന്തോ ഒന്ന് ഉടൻ തന്നെ സംഭവിക്കാൻ പോകുന്നുവെന്ന ഉൾവിളി ബിജെപി പ്രവർത്തകർക്കെല്ലാം ഉണ്ടായിരുന്നു. ഒടുവിൽ അത് സംഭവിച്ചു. മേജർ രവി ബിജെപിയുമായി അകന്ന് കോൺഗ്രസിൽ ചേർന്നു. മേജർ രവി ‘തങ്ങളുടേതെന്ന്’ കരുതിയവർക്കെല്ലാമുള്ള തിരിച്ചടി കൂടെയായിരുന്നു അത്.

കോൺഗ്രസ് വേദിയിലേക്കുള്ള മേജർ രവിയുടെ അപ്രതീക്ഷിതമായ വരവ് ബിജെപിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. പെട്ടന്നുള്ള ഈ കൂടുമാറ്റത്തിന് കാരണമെന്തെന്ന അന്വേഷണത്തിലാണ് പലരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട ആരാധകനായ മേജർ രവിയിൽ നിന്നും ഇത്തരമൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നത് തന്നെയാണ് ഈ ഞെട്ടലിൻ്റെ കാരണവും. മേജർ രവിയുടെ ഈ നീക്കം അപ്രതീക്ഷിതമാണെന്നിരിക്കേ അതിൽ അവിശ്വസിക്കാൻ തക്കതൊന്നും ഇല്ലെന്ന് വിശ്വസിക്കാനാണ് ബിജെപിക്കിഷ്ടം. വസ്തുത അതാണല്ലോ?. മേജർ രവിയുടെ മുൻകാല പ്രവൃത്തികളും ഇതുതന്നെ സൂചിപ്പിക്കുന്നു.

Also Read:കണ്ടകശനിയിൽ തൃണമൂല്‍; എംപി ദിനേഷ് ത്രിവേദി രാജിവച്ചു; നെഞ്ചിടിപ്പോടെ മമത

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചരണജാഥയിലും പ്രവർത്തനങ്ങളിലും മേജർ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. എന്നാൽ, ഇതിനുശേഷമാണ് മേജർ ബിജെപിയിൽ നിന്നുമകന്നത്. കേരളത്തിലെ ബിജെപിയിലെ തൊണ്ണൂറ് ശതമാനം നേതാക്കളും വിശ്വസിക്കാൻ കൊളളാത്തവരാണെന്ന പരസ്യപ്രഖ്യാപനവും അദ്ദേഹം നടത്തി. രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍, താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞുനോക്കുന്നില്ല എന്നൊക്കെയായിരുന്നു മേജറിൻ്റെ പ്രധാന പരാതി. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉളളതെന്നായിരുന്നു മേജർ രവി തുറന്നടിച്ച് പറഞ്ഞത്. ഇതേ വാക്കുകൾ ഇന്ന് മേജറിന് തന്നെ തലവേദനയാവുകയാണ്. ‘തനിക്കൊന്നും കിട്ടാത്തത് കൊണ്ടാകും’ ഈ കൂടുമാറ്റമെന്ന ആരോപണവും അദ്ദേഹത്തിന് നേരെ ഉയരുന്നുണ്ട്.

മുൻപും അദ്ദേഹം കൂടുവിട്ട് കൂടുമാറുന്ന കലാവിരുത് നടത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം വേദിയായിരുന്നു ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തത്. ‘വേദിയിലും സദസിലുമിരിക്കുന്ന ബഹുമാന്യരേ സഖാക്കളെ…’ എന്നായിരുന്നു അന്ന് മേജർ സദസിലിരുന്നവരെ അഭിസംബോധന ചെയ്തത്. അന്ന് പറഞ്ഞത് ഇങ്ങനെ: ഒരു രാജ്യസഭാ എം പിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചു തന്ന വ്യക്തിയാണ് രാജീവ്. അദ്ദേഹത്തെ വിജയിപ്പിക്കണം. രാജീവിൽ വിശ്വാസമുണ്ടെന്നും അടുത്ത ആത്മബന്ധമാണുള്ളതെന്നുമെല്ലാം മേജർ തട്ടിവിട്ടിരുന്നു. എന്നാൽ, അതൊക്കെ വെറുതേയാണെന്ന് ഇന്നത്തെ ചിത്രങ്ങൾ കണ്ടാലറിയാം. രാജീവിനെ തോൽപ്പിച്ച ഹൈബി ഈഡൻ്റെ തൊട്ടരികിലിരുന്ന് കുശലം ചോദിക്കുന്ന മേജറിൻ്റെ ചിത്രങ്ങളും വൈറലാവുകയാണ്.

പ്രതിപക്ഷ നേതാവിന് പിന്തുണ നൽകി ഐശ്വര്യ കേരളയുടെ വേദിയിൽ വെച്ച് മേജർ സർക്കാരിനിട്ട് രണ്ട് കൊട്ട് കൊട്ടിയപ്പോൾ യുഡിഎഫ് നേതാക്കൾ ഹാപ്പിയായി. ശബരിമല സമരത്തിന്റെ പേരില്‍ വിശ്വാസികള്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ എഴുതിത്തള്ളണം, പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കണം എന്നിങ്ങനെ രണ്ട് ആവശ്യങ്ങളാണ് മേജർ ചെന്നിത്തലയോടും യു ഡി എഫിനോടും ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read:‘വർഗീയമുഖം നൽകരുത്’; യുവാവ് കുത്തേറ്റ് മരിച്ചത് ബിസിനസ് തർക്കം മൂലമെന്ന് പോലീസ്

‘ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. അതുകൊണ്ട് ക്രിസ്ത്യാനിയോടോ, മുസ്ലീമിനോടോ അവരുടെ വിശ്വാസങ്ങളെ ഹനിക്കുന്ന രീതിയില്‍ പെരുമാറില്ല. പ്രളയ കാലത്ത് മുസ്ലീം പള്ളിയില്‍ വച്ചാണ് എനിക്ക് അശരണരെ സഹായിക്കാന്‍ കഴിഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും’ മേജര്‍ രവി പറഞ്ഞു.

സർക്കാരിനെ വിമർശിക്കുകയും കോൺഗ്രസിനെ പുകഴ്ത്തുകയും ചെയ്തതോടെ മേജർ രവിക്ക് ഒരു സീറ്റ് നൽകിയാലോ എന്ന ആലോചനയും കോൺഗ്രസ് ക്യാമ്പിനുള്ളിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് ടിക്കറ്റിൽ മേജർ രവി നിയമസഭയിലേക്ക് അങ്കത്തിനൊരുങ്ങുമെന്ന പ്രചരണങ്ങൾക്കും ഇന്നത്തെ സംഗമം വഴിയൊരുക്കി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button