ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ചുട്ട മറുപടിയുമായി പ്രതിരോധ മന്ത്രാലയം. ഇന്ത്യന്‍ അതിര്‍ത്തി ഫിംഗര്‍ നാല് വരെയല്ല എട്ട് വരെയാണെന്ന് രാഹുലിനെ തിരുത്തിയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ മറുപടി . അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം സംബന്ധിച്ച് മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. ഇന്ത്യന്‍ മണ്ണ് നരേന്ദ്ര മോദി ചൈനയ്ക്ക് വിട്ട് നല്‍കിയെന്ന് രാഹുല്‍ ആരോപിച്ചതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്.
എന്നാൽ ഇന്ത്യന്‍ അതിര്‍ത്തി ഫിംഗര്‍ നാല് വരെയാണ് എന്നുളളത് തെറ്റായ ധാരണയാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ഇന്ത്യന്‍ ഭൂപടമനുസരിച്ച് രാജ്യത്തിന്റെ ഭാഗമായ 43,000 ചതുരശ്ര കലോമീറ്റര്‍ സ്ഥലം 1962 ന് ശേഷം ചൈനയുടെ അധീനതയിലാണ്. ഇന്ത്യയുടെ നിലപാടനുസരിച്ച് ഫിംഗര്‍ നാലില്‍ അല്ല ഫിംഗര്‍ എട്ടിലാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖ. അത് കാരണമാണ് ഫിംഗര്‍ എട്ട് വരെ പട്രോളിംഗ് നടത്താനുള്ള അധികാരം രാജ്യം നിലനിര്‍ത്തിയിരിക്കുന്നതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പാംഗോംഗ് തടാകത്തിന്റെ വടക്കന്‍ കരയുടെ ഇരു വശങ്ങളിലുമുള്ള സൈനിക പോസ്റ്റുകള്‍ സുസ്ഥിരമാണ്. ഫിംഗര്‍ മൂന്നിലെ ധാന്‍ സിംഗ് താപ പോസ്റ്റിലാണ് ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ഫിംഗര്‍ എട്ടിന്റെ കിഴക്ക് ഭാഗത്താണ് ചൈനീസ് സൈന്യം. നിലവിലുള്ള കരാര്‍ അനുസരിച്ച് ഇതിന് മുന്നോട്ടുള്ള ഭാഗങ്ങളില്‍ സൈന്യത്തെ വിന്യസിക്കുകയില്ല. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കും അനുവദിച്ചിരിക്കുന്ന സൈനിക പോസ്റ്റുകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്ര, ദെപ്സാംഗ് എന്നീ പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടെന്ന് രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞതും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സൈനിക പിന്മാറ്റം പൂര്‍ണമായതിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനം.
Post Your Comments