കൊച്ചി: പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ മിഷേല്‍ ഷാജി എന്ന സിഎ വിദ്യാര്‍ഥിനിയുടെ കൊലപാതകത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് നാലു വര്‍ഷമായിട്ടും കോടതിയില്‍ സമര്‍പ്പിക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോകുന്നുവെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തെ സര്‍ക്കാര്‍ ആത്മഹത്യയാക്കി മാറ്റിയെന്നും മിഷേലിന്റെ കുടുംബം മൂന്നു തവണ മുഖ്യമന്ത്രിയെ കണ്ടു വിവരം ധരിപ്പിച്ചെങ്കിലും കേസില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്നും വിമർശിച്ച ചെന്നിത്തല മിഷേലിന്റെ കൊലപാതകികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിക്ക് സര്‍ക്കാര്‍ എന്തുകൊണ്ട് പിന്തുണ പ്രഖ്യാപിക്കുന്നില്ല? രണ്ടു മാസം കഴിഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്ബോള്‍ ആദ്യം ചെയ്യുക മിഷേല്‍ ഷാജിയുടെ കൊലപാതകക്കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുകയായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
2017 മാര്‍ച്ച് അഞ്ചിനാണ് ഹോസ്റ്റലില്‍ നിന്നും പുറത്തുപോയ മിഷേല്‍ ഷാജിയെ കാണാതാകുന്നത്. അന്വേഷണത്തിൽ കൊച്ചി കായലില്‍നിന്നു മൃതദേഹം കണ്ടെത്തി. ഇത് കൊലപാതകമാണെന്ന ആരോപണം ഉയർന്നിരുന്നു. കലൂര്‍ പള്ളിയില്‍നിന്നു മിഷേല്‍ പുറത്തിറങ്ങുമ്ബോള്‍ പിന്തുടര്‍ന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയില്‍നിന്ന് പൊലീസിനു ലഭിച്ചിരുന്നു. ഈ യുവാക്കളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. മിഷേലിന്റെ ഫൈബര്‍ സ്ട്രാപ്പുള്ള വാച്ച്, മൊബൈല്‍ ഫോണ്‍, മോതിരം, ബാഗ്, ഷാള്‍, ഹാഫ് ഷൂ എന്നിവയും കണ്ടെത്താനായിട്ടില്ല.
Post Your Comments