കണ്ണൂര്‍ : പയ്യന്നൂരിലെ ഏഴിമല നാവിക അക്കാദമി തകര്‍ക്കുമെന്ന് യുവാവിന്റെ ഭീഷണി. മുംബൈയിലെ അന്ധേരിയിലെ താമസക്കാരനായ യുവാവാണ് ഭീഷണി സന്ദേശമയച്ചത്. ഇയാളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചായാണ് അറിയുന്നത്. അതേസമയം യുവാവ് പറഞ്ഞത് പോലീസ് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല.
തന്റെ കാമുകി മറ്റൊരാളെ വിവാഹം ചെയ്തതിനാണ് ഏഴിമല നാവിക അക്കാദമി തകര്‍ക്കുമെന്ന ഭീഷണി ഉയര്‍ത്തിയതെന്നാണ് യുവാവ് പോലീസിനോട് വെളിപ്പെടുത്തിയിരിയ്ക്കുന്നത്. ആഭ്യന്തര സുരക്ഷാ മേഖലയായ നാവിക അക്കാദമി ഉള്‍പ്പെടെ മൂന്ന് ആസ്ഥാനങ്ങള്‍ ബോംബ് വച്ച് തകര്‍ക്കുമെന്നാണ് ഭീഷണി സന്ദേശം അയച്ചത്. ടിബറ്റന്‍ തീവ്രവാദ ഗ്രൂപ്പിന്റെ പേരിലാണ് ഭീഷണി സന്ദേശം അയച്ചത്. നേരത്തെ സൗദി അറേബ്യയിലെ സ്‌കൂള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണി അയച്ചതിന് ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതിയുടെ കാമുകിയായിരുന്ന പ്രതിരോധ വകുപ്പില്‍ ജോലി ചെയ്യുന്ന അഞ്ജല്‍ റോയി മറ്റൊരാളെ വിവാഹം ചെയ്തതിലുള്ള വിരോധമാണ് ഭീഷണി സന്ദേശത്തിനുള്ള കാരണമായി യുവാവ് പറയുന്നത്. 2020 നവംബര്‍ 12നാണ് ബോംബാക്രമണ ഭീഷണി ഏഴിമല നാവിക കേന്ദ്രത്തില്‍ എത്തിയത്. സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നാവിക അക്കാദമി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. എയര്‍ഫോഴ്‌സ് കേന്ദ്രത്തിലേക്കും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും ഇത്തരത്തില്‍ കത്ത് ലഭിച്ചിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറിയിരുന്നു.
തുടര്‍ന്ന് നവംബര്‍ 19ന് കേസെടുത്ത പയ്യന്നൂര്‍ പോലീസ് അന്വേഷണത്തിനുള്ള സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കാനായി പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയും നേടിയിരുന്നു. തുടര്‍ അന്വേഷണത്തിലാണ് കത്തിന്റെ ഉറവിടം മുംബൈയിലാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എംസി പ്രമോദ്, എഎസ്‌ഐ സലീം എന്നിവരടങ്ങിയ അന്വേഷണ സംഘം അന്ധേരിയിലെത്തി യുവാവിനെ പിടികൂടുകയായിരുന്നു.
Post Your Comments