തിരുവനന്തപുരം മേയർക്ക് കോർപ്പറേഷൻ ഭരണത്തിൽ താൽപ്പര്യമില്ലെന്ന ആരോപണവുമായി ബിജെപി രംഗത്ത്. വാർഷിക പദ്ധതി തയ്യാറാക്കുന്ന യോഗങ്ങളിൽ പോലും മേയർ പങ്കെടുത്തില്ലെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. നഗരസഭയുടെ വികസന പദ്ധതികൾ രൂപം കൊള്ളുന്ന സെമിനാറിൽ മേയർ ആര്യ രാജേന്ദ്രൻ പങ്കെടുത്തില്ലെന്നും മേയർക്ക് ഭരണം കുട്ടിക്കളിയാണെന്നും ആരോപിച്ച് രംഗത്തെത്തിയ ബിജെപി കൗൺസിലർമാർ സമരത്തിനൊരുങ്ങുകയാണ്.
എംഎൽഎമാർ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന പരിപാടിയിൽ മേയറുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ തവണ വരെ അങ്ങനെയായിരുന്നു. എന്നാൽ, പരിപാടിയുടെ പ്രാധാന്യം മനസ്സിലാക്കാതെ മേയർ വിട്ടുനിൽക്കുകയായിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഡെപ്യൂട്ടി മേയർ പങ്കെടുത്തെങ്കിലും ദേഹാസ്വസ്ഥ്യത്തിന്റെ പേരിൽ ഉടൻ തന്നെ തിരിച്ച് പോവുകയായിരുന്നു.
Also Read:ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ 35 കുടുംബങ്ങള്‍ക്ക് ഇനി സുരക്ഷിതമായി ഉറങ്ങാം
യോഗം വിളിച്ചുകൂട്ടിയ മേയർ തന്നെ യോഗത്തിൽ പങ്കെടുക്കാതെ പാർട്ടി പരിപാടിക്കായി കണ്ണൂരിലെക്ക് വണ്ടി കയറി. ഭരണത്തെക്കുറിച്ച് ഒന്നും അറിയാതെ നേതാക്കൻമാർ പറയുന്നതനുസരിച്ചാണ് മേയർ ചലിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണപ്രതിസന്ധിയുണ്ടെന്ന ബിജെപി ആരോപണം ശരിവെയ്ക്കുകയാണ് ഉദ്യോഗസ്ഥരും. സുപ്രധാനമായ റവന്യൂ വകുപ്പിലടക്കം പലയിടത്തും ഉദ്യോഗസ്ഥർ അവധിയിലാണ്. ഇതുകാരണം ഫയൽ നീക്കം സ്തംഭവനാവസ്ഥയിലാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
Post Your Comments