ബിറ്റ് കോയിൻ ഉൾപ്പെടെ രാജ്യത്ത് നിലവിലുള്ള എല്ലാ ക്രിപ്റ്റോ കറൻസികളും നിരോധിക്കാൻ കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ ഉടൻ ഇറക്കും. ഇതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയുടെ ശിപാർശ അനുസരിച്ചാണ് തീരുമാനമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
സർക്കാർ പുറത്തിറക്കുന്ന വെർച്ച്വൽ കറൻസികൾക്ക് മാത്രമായിരിക്കും അംഗീകാരം.
ഇത് സംബന്ധിച്ച കർശന നിർദ്ദേശങ്ങൾക്ക് സാധ്യതയുണ്ടോയെന്ന ചോദ്യത്തിനായിരുന്നു രാജ്യസഭയിൽ മന്ത്രിയുടെ മറുപടി. ക്രിപ്റ്റോ കറൻസികൾ മുഖേനയുള്ള ബാങ്ക് ഇടപാടുകൾ റിസർവ്വ് ബേങ്ക് നേരത്തെ വിലക്കിയിരുന്നു. 2018-19 ലെ ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയും ക്രിപ്റ്റോ കറൻസികളെ അംഗീകൃത ഇടപാടുകൾക്കുള്ള വിനിമയോപാധിയായി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Also Read:റിപ്പബ്ളിക് ദിനത്തിലെ ചെങ്കോട്ട സംഘർഷം; ഒരാൾ കൂടി അറസ്‌റ്റിൽ
സുപ്രീം കോടതി ക്രിപ്റ്റോ കറൻസികൾ മുഖേനയുള്ള ഇടപാടുകളുടെ വിലക്ക് നീക്കിയതോടെ, സർക്കാർ ബില്ല് കൊണ്ടുവരികയായിരുന്നു. ഉടൻ തന്നെ ബില്ലിന് അംഗീകാരം നല്കും. ആർ.ബി.ഐ, സെബി ഉൾപ്പെടെയുള്ളവർക്ക് ക്രിപ്റ്റോ കറൻസി നിയന്ത്രിക്കാൻ നിലവിൽ നിയമ ചട്ടക്കൂടുകളില്ല. കറൻസികളോ ആസ്തികളോ ചരക്കുകളോ ഏതെങ്കിലും സെക്യൂരിറ്റിയോ ആയി പരിഗണിക്കാനായി നിയമ പ്രകാരം കഴിയാത്തത് കൊണ്ടാണിത്. രാജ്യത്ത് ക്രിപ്റ്റോ കറൻസിക്ക് ബദലായി ഡിജിറ്റൽ കറൻസി കൊണ്ടുവരുമെന്ന് റിസർവ്വ് ബാങ്കധികൃതർ സൂചന നല്കുന്നുണ്ട്.
Post Your Comments