Latest NewsKeralaNews

മരട് ഫ്‌ളാറ്റ് കേസ്: നഷ്ടപരിഹാരത്തിന്റെ പകുതി കെട്ടിവയ്ക്കണം ഇല്ലെങ്കിൽ ജപ്‌തി

65 കോടി രൂപ പ്രാഥമിക നഷ്ടപരിഹാരമായി സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം നേരത്തേ സംസ്ഥാന സര്‍ക്കാര്‍ ഉടമകള്‍ക്ക് നല്‍കിയിരുന്നു.

ന്യൂഡൽഹി: മരട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീംകോടതിയുടെ കര്‍ശന മുന്നറിയിപ്പ്. നഷ്ടപരിഹാര തുകയുടെ പകുതി കെട്ടിവയ്ക്കണം. തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിടുമെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി മരട് ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഫ്‌ളാറ്റ് ഉടമകളുടെ നഷ്ടപരിഹാരം ഏത് തരത്തില്‍ തീരുമാനിക്കണമെന്നുള്ള കാര്യമാണ് സുപ്രീംകോടതി നിലവില്‍ പ്രധാനമായും പരിഗണിക്കുന്നത്. സുപ്രീംകോടതി തന്നെ നഷ്ടപരിഹാര സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

Read Also: ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകേണ്ട; സഖാക്കൾക്ക് നേതാവിന്റെ താക്കീത്

എന്നാൽ 115 കോടി രൂപയാണ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ഉടമകള്‍ക്ക് നല്‍കേണ്ടതെന്നാണ് സമിതി കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ഒരു രൂപപോലും നിര്‍മാതാക്കള്‍ ഇതുവരെ നല്‍കിയിട്ടില്ല. 65 കോടി രൂപ പ്രാഥമിക നഷ്ടപരിഹാരമായി സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം നേരത്തേ സംസ്ഥാന സര്‍ക്കാര്‍ ഉടമകള്‍ക്ക് നല്‍കിയിരുന്നു. നിര്‍മാതാക്കള്‍ നല്‍കാനുള്ള 115 കോടിയില്‍ ഈ തുകയും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട കേസാണ് കോടതി ഇന്ന് പരിഗണിച്ചത്. അതേസമയം നഷ്ടപരിഹാരം തീരുമാനിക്കുന്ന രീതി മാറ്റണമെന്ന് വാദത്തിനിടെ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഹര്‍ജിയില്‍ തീരുമാനമെടുക്കുംവരെ 115 കോടിയുടെ പകുതിയെങ്കിലും കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. ഇതിന് തയ്യാറല്ലെങ്കില്‍ റവന്യൂ റിക്കവറി പോലുള്ള കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button