ന്യൂഡൽഹി∙ ഈ മാസം 15 മുതൽ ജമ്മു കശ്മീരിന് രാജ്യസഭയിൽ പ്രാതിനിധ്യമില്ല. പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദടക്കം കശ്മീരിൽ നിന്നുള്ള 4 അംഗങ്ങളും ഈ മാസം വിരമിക്കും. സംസ്ഥാന പദവി എടുത്തു കളഞ്ഞ് കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ച ജമ്മു കശ്മീരിന് നിയമസഭ ഇല്ലാത്തതിനാൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്ത് അയയ്ക്കാനും കഴിയില്ല.
നിലവിൽ ഗുലാംനബി ആസാദ്(കോൺഗ്രസ്), നാസിർ അഹമ്മദ് ലാവായ്, മിർ മുഹമ്മദ് ഫയാസ്(പിഡിപി), ഷംഷേർ സിങ്(ബിജെപി) എന്നിവരാണ് കശ്മീരിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ. ഇവരിൽ ആസാദ്, ഫയാസ് എന്നിവരുടെ കാലാവധി ഫെബ്രുവരി 15നും മറ്റു രണ്ടുപേരുടെയും കാലാവധി 10നും അവസാനിക്കും.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞശേഷം കശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പു നടത്താനുള്ള സാഹചര്യം ഇതുവരെയും ആകാത്തതു കൊണ്ട് അതും നടന്നില്ല. അസംബ്ലിയില്ലാതെ രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കാനാവില്ല.
Post Your Comments