Latest NewsKeralaNews

ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന് എം എ ബേബി

ആവശ്യമെങ്കില്‍ എല്ലാവരോടും ആലോചിച്ച് പുതിയ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണ്. സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കും. ആവശ്യമെങ്കില്‍ എല്ലാവരോടും ആലോചിച്ച് പുതിയ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിലടക്കം പാര്‍ട്ടിയെടുക്കുന്ന സമീപനം ജനങ്ങള്‍ സ്വീകരിയ്ക്കാന്‍ തയ്യാറല്ലെങ്കില്‍ ജനങ്ങള്‍ക്ക് മേല്‍ ബലാത്ക്കാരമായി നടപ്പാക്കാന്‍ ശ്രമിക്കില്ല. ഇടത് സര്‍ക്കാരാണ് തുടര്‍ന്ന് അധികാരത്തില്‍ വരുന്നതെങ്കില്‍ ശബരിമലയിലെ വിധി എല്ലാവരുമായും സമവായത്തിലെത്തിയ ശേഷം മാത്രമാണ് നടപ്പാക്കുക. സ്ത്രീ തുല്യതയ്ക്ക് വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ വലിയ വിഭാഗം ജനങ്ങളെ ബാധിയ്ക്കുന്ന വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ കണക്കിലെടുത്തേ സംസ്ഥാനത്തിന്റെ മുഴുവന്‍ ചുമതല വഹിക്കുന്ന പാര്‍ട്ടിക്ക് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാനാകൂ. വിശ്വാസികളുടെ സമ്മര്‍ദ്ദം മൂലമല്ല സിപിഎം നിലപാട് മാറ്റുന്നത്. എല്ലായിടത്തും സമത്വവും തുല്യതയും എന്ന നിലപാട് ഘട്ടം ഘട്ടമായിട്ടാകും സമൂഹത്തില്‍ നടപ്പാക്കാന്‍ കഴിയൂ. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസും ബിജെപിയുമടക്കം എല്ലാവരും അംഗീകരിച്ച സാഹചര്യത്തിലാണ് ശബരിമലയിലെ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നും ബേബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button