
ഗുജറാത്ത് : ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപകട മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റില്‍. ഗുജറാത്തിലെ ബനസ്‌കന്ദ ജില്ലയിലാണ് ഞെട്ടിയ്ക്കുന്ന സംഭവം അരങ്ങേറിയത്. ലളിത് തങ്ക് എന്നയാളാണ് അറസ്റ്റിലായത്. സംശയം തോന്നാതിരിയ്ക്കാന്‍ ഭാര്യയുടെ മരണ ശേഷം ഇയാള്‍ അവരുടെ കണ്ണ് ദാനം ചെയ്യുകയും ആളുകളുടെ സഹതാപം പിടിച്ചു പറ്റാന്‍ നിരവധി സ്ഥലങ്ങളില്‍ സംഭാവന ചെയ്യുകയും ചെയ്തിരുന്നു.
ലളിതിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഭാര്യയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് അവരെ കൊലപ്പെടുത്തിയത്. ഭാര്യയുടെ പേരില്‍ ലളിത് 1.20 കോടി രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തിരുന്നു. ഭാര്യ വാഹനം ഇടിച്ച് മരണമടഞ്ഞുവെന്നാണ് പോലീസ് പരാതിയില്‍ ലളിത് വാദിച്ചിരുന്നത്. മരണപ്പെട്ട സ്ത്രീയുടെ ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിയ്ക്കുന്ന കൊലപാതകം പുറത്തു വന്നതെന്ന് പോലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഫോണ്‍ കോള്‍ വിവരങ്ങള്‍, നിരീക്ഷണ ക്യാമറാ വിവരങ്ങള്‍ തുടങ്ങിയവ പരിശോധിച്ചിരുന്നു.
മരണം അപകടമാണെന്ന് വരുത്തി തീര്‍ക്കാന്‍ കിരിത് മായി എന്നയാള്‍ക്ക് ലളിത് രണ്ട് ലക്ഷം രൂപ നല്‍കിയിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 26ന് ഭാര്യയെ അമ്പലത്തിലേക്കെന്നും പറഞ്ഞ് പുറത്തു കൊണ്ടു വന്ന ലളിത് അവളുടെ ലൊക്കേഷന്‍ കുറ്റവാളിയായ ഡ്രൈവര്‍ക്ക് കൈമാറുകയായിരുന്നു. വാഹനം വരുന്നതറിഞ്ഞ ലളിത് ഭാര്യയില്‍ നിന്ന് നിശ്ചിത അകലം പാലിക്കുകയും അതിവേഗത്തില്‍ വന്ന വാഹനമിടിച്ച് ഭാര്യ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകയും ചെയ്യുകയുമായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ ഗൂഢാലോചന കുറ്റം സമ്മതിച്ച ലളിത് പൊട്ടിക്കരയുകയും ഭാര്യയെ കൊല ചെയ്‌തെന്ന് വെളിപ്പെടുത്തുകയുമായിരുന്നു.
Post Your Comments