തിരുവനന്തപുരം : ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയില്‍ നമ്മുടെ നിരത്തുകളില്‍ കൂടുതല്‍ കാണാന്‍ പോകുന്നതെന്ന കാര്യത്തില്‍ സംശയമില്ല. കെഎസ്ഇബിയുടെ ഇ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് പുറമെ സ്വകാര്യ ഇ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കേരളത്തിലും ആരംഭിയ്ക്കാന്‍ ഒരുങ്ങുകയാണ്. കേരളത്തില്‍ കെഎസ്ഇബിയാണ് ആദ്യം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിച്ചത്. നിലവില്‍ സംസ്ഥാനത്താകെ ഏഴ് ചാര്‍ജിംഗ് സ്റ്റേഷനുകളാണ് കെഎസ്ഇബി ആരംഭിച്ചിട്ടുള്ളത്.
തമിഴ്‌നാട് ആസ്ഥാനമായ ‘സിയോണ്‍ ചാര്‍ജിംഗ്’ ആണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. കൊച്ചിയിലും പാലക്കാട്ടെ വാളയാറിലുമാണ് ഈ സ്റ്റേഷനുകള്‍. നിലവില്‍ കോയമ്പത്തൂരിലും തിരുപ്പൂരിലും, സേലത്തും ഈ കമ്പനിക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉണ്ട്. കൊച്ചി, ചെന്നൈ, ബംഗളൂരു, മൈസൂരു, വാളയാര്‍, വില്ലുപുരം, കൃഷ്ണഗിരി, വെല്ലൂര്‍ എന്നിവിടങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിയ്ക്കുവാനാണ് സിയോണ്‍ ചാര്‍ജിംഗ് പദ്ധതിയിടുന്നത്. വരും നാളുകളില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആവശ്യമായി വരുന്നതിനാല്‍ തന്നെ സ്വകാര്യ മേഖലയില്‍ ഇ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇത് നമുക്ക് പുതിയ തൊഴില്‍ അവസരമായി പ്രയോജനപ്പെടുത്താവുന്നതാണ്. സാധാരണ ഒരു വ്യവസായ സ്ഥാപനം ആരംഭിക്കുന്നതിന് വൈദ്യുതി കണക്ഷന്‍ എടുക്കുന്നതു പോലെ ഇ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കും കണക്ഷന്‍ എടുക്കാന്‍ കഴിയും. കൂടുതല്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിയ്ക്കണമെങ്കില്‍ ട്രാന്‍സ്ഫോര്‍മര്‍ അടക്കം സ്ഥാപിയ്‌ക്കേണ്ടി വരും. ഇപ്പോള്‍ ഇന്ത്യയില്‍ 48,674 വാഹനങ്ങളാണ് വൈദ്യുതി ഉപയോഗിച്ച് ഓടുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 1,025 ഇലക്ട്രിക് വാഹനങ്ങളാണ്.
Post Your Comments