കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണം കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ‘രണ്ടാം വെര്‍ഷന്‍’ തന്നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതാ ബാനര്‍ജിയുടെ ഭരണത്തിന് കീഴില്‍ കമ്മ്യൂണിസം പുനര്‍ജനിക്കുകയാണെന്ന് മോദി റാലിയില്‍ ആരോപിച്ചു. മമതാ ബാനര്‍ജിയും സംഘവും ബംഗാളിനെ കൊള്ളയടിച്ച് നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും സംസ്‌ഥാനത്തെ കൊള്ളയടിക്കാന്‍ കരാറുണ്ടാക്കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. ബംഗാളില്‍ തിരശീലയ്‌ക്ക് പിന്നില്‍ തൃണമൂലും ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും മോദി ആരോപിച്ചു. പശ്‌ചിമ ബംഗാളിലെ ഹാല്‍ദിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. സമരങ്ങളെ സഹായിക്കാനെന്ന പേരില്‍ ചില വിദേശ ഗൂഢ ശക്തികള്‍ ഇന്ത്യയ്ക്ക് എതിരെ ഗൂഢാലോചന നടത്തുന്നെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഇന്ത്യയുടെ ഖ്യാതി നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ വില ഉടന്‍ നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിപ്പ് നല്‍കി.
read also: രാജ്യത്തെ ഏറ്റവും ഉയരമുളള ദേശീയപതാക ; കൊടിമരത്തിന് തറക്കല്ലിട്ട് സൈന്യം
ഹാല്‍ദിയയില്‍ ബി.പി.സി.എല്‍ നിര്‍മ്മിച്ച എല്‍.പിജി. ഇറക്കുമതി ടെര്‍മിനലും നാലുവരിപ്പാതയുള്ള റോബ്-കം-ഫ്ലൈഓവറും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് കൂടാതെ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഹാല്‍ദിയ റിഫൈനറിയുടെ നിര്‍ണായക പദ്ധതിക്ക് അദ്ദേഹം തറക്കല്ലിട്ടു. ഇന്നലെ രാവിലെ അസം സന്ദര്‍ശിച്ച ശേഷം, വൈകുന്നേരത്തോടെയാണ് അദ്ദേഹം ബംഗാളിലെത്തിയത്. അതേസമയം, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചടങ്ങില്‍ നിന്ന് വിട്ടു നിന്നു.
Post Your Comments