ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക സമരം എന്തിന് വേണ്ടിയെന്ന് ആരും ചോദിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമരം അവസാനിപ്പിക്കണമെന്നും ചര്‍ച്ചയ്ക്ക് തയ്യാറെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി .
മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെയും ഇടതുപക്ഷത്തേയും രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ സേവനങ്ങളെ പുകഴ്ത്തിയെന്നതും ശ്രദ്ധേയമാണ്. കര്‍ഷകര്‍ക്കായി സ്വയം സമര്‍പ്പിച്ച വ്യക്തിയാണ് ദേവഗൗഡയെന്ന് മോദി പറഞ്ഞു. കാര്‍ഷിക പരിഷ്‌ക്കരണത്തിനായി ശരദ് പവാറും കോണ്‍ഗ്രസും വാദിച്ചിട്ടുണ്ട്. മാറ്റം കൊണ്ടു വരേണ്ടത് അനിവാര്യമായിരുന്നു. പരിഷ്‌ക്കരണത്തിനായി വാദിച്ചവര്‍ ഇപ്പോള്‍ യൂടേണ്‍ എടുക്കുന്നു. മന്മോഹന്‍ സിങ് പറഞ്ഞത് താന്‍ ചെയ്തതില്‍ കോണ്‍ഗ്രസ് അഭിമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ചെറുകിട കര്‍ഷകരാണ് കൂടുതലുള്ളത്. 12 കോടി പേര്‍ക്ക് രണ്ട് ഹെക്ടറിനു താഴെ മാത്രമാണ് ഭൂമി. ചൗധരി ചരണ്‍ സിംഗും ചിന്തിച്ചത് ചെറുകിട കര്‍ഷകര്‍ക്ക് വേണ്ടിയാണ്. കടാശ്വാസ പദ്ധതികളൊന്നും ചെറുകിട കര്‍ഷകരെ സഹായിച്ചില്ല. ആനുകൂല്യങ്ങള്‍ വന്‍കിട കര്‍ഷകര്‍ക്ക് മാത്രമാണ് കിട്ടിയത്. 6000 രൂപ വീതം നല്‍കുന്ന പദ്ധതി 10 കോടി കര്‍ഷകര്‍ക്ക് ഗുണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു
Post Your Comments