സംസ്ഥാനത്തെ നിയമന അട്ടിമറി വാർത്തകൾ വിവാദമാവുകയാണ്. നിയമനവുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങളും റിപ്പോർട്ടുകളുമാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ, പൊലീസിലും അട്ടിമറി നിയമനം നടന്നതായി റിപ്പോർട്ട്. ഫിംഗർ പ്രിന്റ് സെർച്ചേഴ്‌സ് നിയമനത്തിലാണ് ക്രമക്കേട് നടന്നത്. ഇന്റർവ്യൂ ബോർഡ് അംഗത്തിന്റെ സഹോദരിയ്ക്കും അയോഗ്യരായ മറ്റ് രണ്ടു പേർക്കും നിയമനം നൽകിയതായി ഉദ്യോഗാർഥികൾ തന്നെ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തതോടെയാണ് സംഭവം വാർത്തയായത്.
സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യുറോയാണ് പോലീസിലെ ഫിംഗർ പ്രിന്റ് സെർച്ചേഴ്‌സ് നിയമനം നടത്തുന്നത്. പോലീസിലെയും വിജിലൻസിലെയും ക്ലാസ് -3 ജീവനക്കാർക്കാണ് ചട്ടപ്രകാരം ജോലിക്കായുള്ള യോഗ്യത. എന്നാൽ അട്ടിമറിയിലൂടെ എസ് സി ആർ ബിയിലെ രണ്ടു ക്ലാസ്സ് -4 ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് നിയമനം നടന്നുവെന്നാണ് പരാതി. ഇന്റർവ്യൂ ബോർഡിൽ ഫിംഗർ പ്രിന്റ് എക്സ്പേർട്ട് ആയി പങ്കെടുത്തയാളുടെ സഹോദരിക്കും ജോലി ലഭിച്ചിട്ടുണ്ട്. എസ് സി ആർ ബിയിലെ ഉന്നതനാണ് ഇതിനു പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.
2020 ജനുവരിയിലാണ് ജോലിയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2020 ഡിസംബർ 22 നാണ് പരീക്ഷ നടത്തിയത്. പരീക്ഷയുടെ മാർക്ക് പ്രസിദ്ധീകരിക്കാതെ തന്നെ പരീക്ഷ എഴുതിയ മുഴുവൻ പേർക്കുമായി 2021 ജനുവരി ഏഴിന് അഭിമുഖം നടത്തുകയായിരുന്നു. അട്ടിമറിക്ക് വേണ്ടിയായിരുന്നു ഇതെന്നാണ് ആരോപണം. ഇന്റർവ്യൂവിന് രണ്ടു മാർക്ക് നേടിയ വ്യക്തി ഉൾപ്പെടെ 10 പേർക്കാണ് ജനുവരി 12ന് നിയമന ഉത്തരവ് നൽകിയിരിക്കുന്നത്.
Post Your Comments