മുംബൈ : ഒരിക്കലും പിടിയ്ക്കാന്‍ കഴിയില്ലെന്ന് വെല്ലുവിളിച്ച് സന്ദേശം അയച്ച കുറ്റവാളിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. 26 കാരനായ ‘ഖോപ്ഡി’ എന്ന യുവാവാണ് നാടകീയമായി മുംബൈ പൊലീസിന്റെ വലയിലായത്. ‘ദൈവത്തിന് പോലും എന്നെ പിടിക്കാന്‍ കഴിയില്ല, പിന്നെയല്ലേ പൊലീസ്’- എന്നായിരുന്നു ഇയാള്‍ പൊലീസിന് സന്ദേശം അയച്ചത്. പൊലീസിന് ഇന്‍ഫോര്‍മര്‍ വഴി സന്ദേശമയച്ചതിന് തൊട്ട് പിന്നാലെ ഇയാളുടെ മേല്‍ പിടി വീഴുകയായിരുന്നു.
മുംബൈയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയിലായി നിരവധി കേസുകളാണ് പപ്പു ഹരിശ്ചന്ദ്ര എന്ന ഖോപ്ഡിക്കെതിരെയുള്ളത്. മുംബൈയിലെ പോവൈ ഏരിയ സ്വദേശിയായ ഖോപ്ഡി 2013 മുതല്‍ പൊലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു. ആരി പൊലീസ് സ്റ്റേഷനിലേക്ക് ഖോപ്ഡി അയച്ച സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് ഇയാള്‍ക്കെതിരെ വല വീശിയത്. ഇന്‍ഫോര്‍മര്‍ വഴി ഒരു കത്തായിരുന്നു സന്ദേശം. അതില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയും, ‘ദൈവത്തിന് പോലും എന്നെ പിടികൂടാന്‍ സാധിക്കില്ല, അപ്പോള്‍ പിന്നെ പൊലീസിന്റെ കാര്യം മറന്നേക്കുക’. ഖോപ്ഡിയുടെ വെല്ലുവിളി സ്വീകരിച്ച പൊലീസ് ഇയാളെ പിടികൂടിയതിനെ കുറിച്ച് പറയുന്നതിങ്ങനെ, സന്ദേശം ലഭിച്ചതിന് പിന്നാലെ ഖോപ്ഡിയെ പിടികൂടാനുള്ള പദ്ധതി തയ്യാറാക്കി. അയാളുടെ നീക്കങ്ങള്‍ അറിഞ്ഞതിന് ശേഷം അയാള്‍ പോലും അറിയാതെ പിടികൂടുകയായിരുന്നു.
റോയല്‍ പാം ഏരിയയില്‍ ഖോപ്ഡി കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരം അറിഞ്ഞാണ് ഇയാള്‍ക്ക് വേണ്ടി പൊലീസ് വല വീശിയത്. വേഷം മാറി സ്ഥലത്തെത്തിയ പൊലീസിനെ തിരിച്ചറിയാന്‍ ഖോപ്ഡിക്ക് സാധിച്ചില്ല. വെള്ളിയാഴ്ച്ച കവര്‍ച്ചയ്‌ക്കെത്തിയ ഖോപ്ഡിയെ നിസ്സാരമായി പിടികൂടുകയും ചെയ്തു. ഇയാളില്‍ നിന്നും പ്രാദേശിക നിര്‍മ്മിത തോക്കും വെടിയുണ്ടകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഖോപ്ഡിക്കെതിരെ ഐപിസി നിയമപ്രകാരവും ആയുധ നിയമപ്രകാരവും നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മുംബൈയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുമെന്നും ആരി പൊലീസ് അറിയിച്ചു.
Post Your Comments