
കേരളം മാവേലിനാട് ആണെന്ന് പറയുന്നത് പോലെ തന്നെയാണ് രാമരാജ്യവുമെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. രാമരാജ്യം വരണം എന്നതിനോട് പൂർണമായും യോജിക്കുന്നുണ്ടെന്ന് ജേക്കബ് തോമസ് പറയുന്നു. രാമരാജ്യം വരണം എന്ന ബിജെപിയുടെ ഉത്തമരാഷ്ട്ര സങ്കൽപ്പത്തെക്കുറിച്ച് ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ജേക്കബ് തോമസ് രാമരാജ്യം എന്ന സങ്കൽപ്പത്തെ കുറിച്ച് മനസ് തുറന്നത്. ജേക്കബ് തോമസിൻ്റെ വാക്കുകളിങ്ങനെ:
‘കേരളത്തിലെ മാവേലിനാട് എന്ന് പറയുന്ന ഒരു സങ്കൽപ്പം കേരളത്തിൽ ഉണ്ടാകണമെന്ന് നമ്മളെല്ലാം ആഗ്രഹിക്കുന്നില്ലെ? മാവേലി നാട് വാണീടും കാലം ഇവിടുത്തെ മനുഷ്യരെല്ലാം തുല്യരായിരുന്നു. തുല്യത നടപ്പിലാക്കിയിരുന്നു. എല്ലാവരും സുഭിഷരായി ഭക്ഷണം കഴിച്ചിരുന്നു എന്നൊരു സങ്കൽപ്പം നമുക്കുണ്ട്. കേരളം മാവേലി നാട് ആകണമെന്ന് നമുക്കെല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതേ സങ്കൽപ്പം തന്നെയാണ് രാമരാജ്യം എന്ന ഉത്തമമായ ഒരു വ്യക്തിത്വമുള്ള നന്മ മാത്രം ചെയ്യുന്ന ഒരു പാൻ ഇന്ത്യ ആയിട്ടുള്ള ഒരു രാമരാജ്യം എന്ന കൺസെപ്റ്റും. മാവേലി നാട് വേണമെന്ന് പറയുന്നുണ്ടെങ്കിൽ രാമരാജ്യവും വേണമെന്ന് പറയുന്നത് യോജിക്കാവുന്ന കാര്യമാണ്.’- ജേക്കബ് തോമസ് വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ തനിക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ജേക്കബ് തോമസ് അടുത്തിടെ പറഞ്ഞിരുന്നു. ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്നതില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി. കഴിഞ്ഞ ദിവസമാണ് ജേക്കബ് തോമസ് ബിജെപി അംഗത്വം നേടിയത്. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിനിടെയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ജേക്കബ് തോമസിന് അംഗത്വം നൽകിയത്.
Post Your Comments