Latest NewsKeralaNews

സോഫിയ കത്തീഡ്രല്‍ മുസ്ലീം പള്ളിയാക്കി മാറ്റിയ പ്രവൃത്തിയെ ന്യായീകരിച്ച ചാണ്ടി ഉമ്മന് താക്കീതുമായി മെത്രാന്‍ സമിതി

അറിയേണ്ട ചരിത്രം അറിയേണ്ടവിധം അറിഞ്ഞിരിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന യുവനേതാക്കള്‍ ശ്രദ്ധിക്കണം

കൊച്ചി: തുര്‍ക്കിയിലെ ഹാഗിയാ സോഫിയ കത്തീഡ്രല്‍ എന്ന ചരിത്രസ്മാരകത്തെ മുസ്ലീം പള്ളിയാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയിരിക്കുന്നതെന്ന് കെസിബിസി. എര്‍ദോഗന്റെ ഈ പ്രവൃത്തിയെ ന്യായീകരിച്ച കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനെതിരെ മെത്രാന്‍ സമിതി രംഗത്ത്. ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവസമൂഹത്തിന് വേദന ഉളവാക്കിയതായി കെസിബിസിയുടെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഹാഗിയ സോഫിയ കത്തീഡ്രല്‍ ഒരു വലിയ ചരിത്രപാരമ്ബര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോണ്‍സ്റ്റാന്റിനോപ്പിള്‍ പാര്‍ത്രിയാര്‍ക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു.തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിൽ വര്‍ഗീയ ചേരിതിരിവ് വളര്‍ത്തുന്നത് സമൂഹത്തില്‍ വലിയ മുറിവു സൃഷ്ടിക്കുമെന്നും കെസിബിസി താക്കീത് നല്‍കി.

കെസിബിസിയുടെ പ്രസ്താവന

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപേരുകള്‍വച്ച്‌ വര്‍ഗ്ഗീയവിദ്വേഷം കലര്‍ത്തി പല വിഷയങ്ങളിലും പ്രതികരണങ്ങള്‍ എഴുതുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ക്രൈസ്തവസഭയെ പ്രതിനിധാനം ചെയ്യുന്നുവെന്ന വ്യാജ്യേന ചിലര്‍ സാമൂഹിക മാധ്യമങ്ങള്‍ ഇപ്രകാരം വിനിയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളില്‍ എഴുതുന്നവരും അതു പങ്കുവയ്ക്കുന്നവരും കേരള കത്തോലിക്കാസഭയെ പ്രതിനിധാനം ചെയ്യുന്നില്ല.

read also:വർഗീയ മുതലെടുപ്പ് നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ

കേരള സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്ന ഒരു നടപടിയെയും സഭ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. അത് അംഗീകരിക്കുന്നുമില്ല. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ഇത്തരം വ്യാജ പ്രസ്താവനകളോടുള്ള പ്രതികരണമെന്നോണം രാഷ്ട്രീയ പ്രവര്‍ത്തകര്‍ സമ്മേളനങ്ങളില്‍ പ്രസംഗിക്കുമ്ബോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതായുണ്ട്. ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കോണ്‍ഗ്രസ് യുവനേതാവായ ശ്രീ. ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവസമൂഹത്തിന് വേദന ഉളവാക്കുന്നതാണ്്. ശ്രീ ചാണ്ടി ഉമ്മന്‍ തന്റെ പ്രസംഗത്തില്‍ തുര്‍ക്കിയിലെ ഹാഗിയാ സോഫിയ കത്തീഡ്രല്‍ മോസ്‌ക് ആക്കി മാറ്റിയ അവിടത്തെ ഭരണാധികാരി ശ്രീ എര്‍ദോഗന്റെ പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ചന്ദ്രികയില്‍ മുഖലേഖനമെഴുതിയ വ്യക്തിയെ ന്യായീകരിക്കുന്നതിനുവേണ്ടി യൂറോപ്പിലെ പല പള്ളികളും വില്‍ക്കപ്പെടുന്നതിനെയും നടത്തുന്നതിനെയും അവ വ്യാപാരശാലകളായി മാറ്റുന്നതിനേയും ചേര്‍ത്തു വ്യാഖ്യാനിക്കുകയുണ്ടായി.

ഹാഗിയ സോഫിയ കത്തീഡ്രല്‍ ഒരു വലിയ ചരിത്രപാരമ്ബര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോണ്‍സ്റ്റാന്റിനോപ്പിള്‍ പാര്‍ത്രിയാര്‍ക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു. വലിയതോതില്‍ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രല്‍. തുര്‍ക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയിരിക്കുന്നതെന്ന്് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം. അറിയേണ്ട ചരിത്രം അറിയേണ്ടവിധം അറിഞ്ഞിരിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന യുവനേതാക്കള്‍ ശ്രദ്ധിക്കണം.

തുര്‍ക്കി ഭരണാധികാരി ബോധപൂര്‍വം ചരിത്രത്തെ അവഹേളിച്ചുകൊണ്ടു ചെയ്ത ക്രൈസ്തവ വിരുദ്ധ നടപടിയെ അപക്വമായ വര്‍ത്തമാനത്തിലൂടെ വെള്ളപൂശാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷ്യമെന്താണ്? തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ ചേരിതിരുവു വളര്‍ത്തുന്നത് നമ്മുടെ സമൂഹത്തില്‍ വലിയ മുറിവു സൃഷ്ടിക്കും. നാടിന്റെ വികസനത്തിനും മനുഷ്യപുരോഗതിക്കുമായി യത്നിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. സാമൂഹ്യ മാധ്യമങ്ങളിലെ എഴുത്തുകളും നിലപാടുകളും അത്തരത്തിലാകണം.

shortlink

Post Your Comments


Back to top button