പാറശാല: പൊഴിയൂർ മത്സ്യബന്ധന തുറമുഖം നിർമാണം അടുത്ത വർഷം തുടങ്ങിയേക്കും. ഇരുപത്തിഅയ്യായിരത്തോളം മത്സ്യത്തൊഴിലാളികൾ ഉള്ള പൂവാർ മുതൽ കൊല്ലങ്കോട് വരെ നീളുന്ന തീരമേഖലയിൽ ഏതു കാലാവസ്ഥയിലും വള്ളം ഇറക്കാൻ കഴിയുന്ന മത്സ്യബന്ധന തുറമുഖം വേണമെന്ന ആവശ്യം വർഷങ്ങളായുള്ളതാണ്.
പരിസ്ഥിതി ആഘാത പഠനം അടക്കം ഏതാനും പരിശോധനകൾ കൂടി പൂർത്തിയായാൽ അടുത്ത വർഷം നിർമാണം തുടങ്ങിയേക്കുമെന്നാണ് പുതിയ വിവരം. തുറമുഖ നിർമാണത്തിന് തിരഞ്ഞെടുത്തിരിക്കുന്ന പരുത്തിയൂർ പൊഴിക്കര പ്രദേശങ്ങളിൽ പുറമ്പോക്ക് ഭൂമി നിലവിൽ ഉള്ളതിനാൽ സ്ഥലം ഏറ്റെടുക്കൽ ആവശ്യം ഇല്ലാത്തത് തുടർ നടപടികൾ വേഗത്തിലാക്കും.
കൊല്ലങ്കോട് മുതൽ പൊഴിക്കര വരെ പുലിമുട്ട്, ഹാർബർ എന്നിവയുടെ നിർമാണത്തിന് ആണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. തുറമുഖത്തിന്റെ അഭാവത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പോയി ജോലി എടുക്കേണ്ട സ്ഥിതിയിൽ ആണ് പ്രദേശത്തെ മത്സ്യതൊഴിലാളികൾ. ഒരു വർഷം മുൻപ് തമിഴ്നാട് ഭാഗത്തെ കടലിൽ പുലിമുട്ട് നിർമിച്ചതോടെ കൊല്ലങ്കോട് മുതൽ ഒരു കിലോമീറ്റർ ദൂരം തീരം കടൽ കയറി വള്ളം ഇറക്കാൻ കഴിയാത്ത സ്ഥിതി ആണ്.
സ്ഥലം ഏറ്റെടുപ്പ് വേണ്ടാത്തതിനാൽ 120 മുതൽ 150 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
Post Your Comments