തുടര്‍ച്ചയായി 4 മണിക്കൂര്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചു ; പ്ലസ്ടു വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

ജിപ്‌മെറില്‍ നടത്തിയ പരിശോധനയില്‍ ദര്‍ശന്‍ മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു

ചെന്നൈ : തുടര്‍ച്ചയായി നാല് മണിക്കൂറോളം മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച പ്ലസ്ടു വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. പുതുച്ചേരിയില്‍ വല്ലിയനൂരിലെ വി. മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്റെ മകന്‍ ദര്‍ശന്‍ (16) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് വിദ്യാര്‍ഥി മരിച്ചതെന്ന് പൊലീസ് പറയുന്നു.

ഓണ്‍ ലൈന്‍ ഗെയിം ആയ ‘ഫയര്‍ വാള്‍’ ആണ് ദര്‍ശന്‍ മൊബൈല്‍ ഫോണില്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച് കളിച്ചിരുന്നതെന്ന് പിതാവ് പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. രാത്രി 11.40-ന് പിതാവ് മുറിയിലെത്തിയപ്പോള്‍ ദര്‍ശന്‍ അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ വീട്ടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ജിപ്‌മെര്‍ ആശുപത്രിയിലേക്കും കൊണ്ടു പോയി. ജിപ്‌മെറില്‍ നടത്തിയ പരിശോധനയില്‍ ദര്‍ശന്‍ മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു. ദര്‍ശന് മറ്റു അസുഖങ്ങളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

Share
Leave a Comment