കൊല്ലം: നടി വിജയലക്ഷ്മിയുടെ ആത്മഹത്യ പുതിയ വിവരങ്ങള്‍ പുറത്ത്. മരണത്തിനു പിന്നില്‍ ഭര്‍ത്താവ് മോഷ്ടാവും കൊലയാളിയുമായതിന്റെ അപമാനം മാത്രമല്ല ഭീഷണികളും കാരണമായെന്ന് സൂചന. ആലപ്പുഴ താമരക്കുളം പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയെയാണ്(33) സ്വദേശമായ പാവുമ്പ ചിറയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്തെ ചിറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിജയലക്ഷ്മിയുടെ ഭര്‍ത്താവ് പ്രദീപ് നിരവധി മോഷണക്കേസുകളിലും ഒന്നരമാസം മുമ്പ് ബംഗളൂരുവിലെ ഒരു ഫ്‌ളാറ്റില്‍ കവര്‍ച്ചയ്ക്കായി നടത്തിയ കൊലപാതകത്തിലും പ്രതിയായതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ആറും എട്ടും വയസുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ച് ആത്മഹത്യയില്‍ അഭയംതേടാന്‍ ഇടയാക്കിയത്.
Read Also : കേന്ദ്ര ബഡ്ജറ്റിനെ മാന്ത്രിക ബഡ്ജറ്റ് എന്ന് വിശേഷിപ്പിച്ച് പ്രവാസി വ്യവസായി എം.എ യൂസഫലി
അടൂരില്‍ അയാട്ടാ കോഴ്സിന് പോകുമ്പോള്‍ സ്വകാര്യ ബസില്‍ ഡ്രൈവറായിരുന്ന പ്രദീപാണ് വിജയലക്ഷ്മിയുടെ ജീവിതം തുലച്ചത്. ഗള്‍ഫുകാരനായ പിതാവിന്റെയും വീട്ടമ്മയായ മാതാവിന്റെയും രണ്ട് പെണ്‍മക്കളില്‍ ഇളയവളായിരുന്നു വിജയലക്ഷ്മി. അടൂരിലേക്കുള്ള യാത്രയില്‍ പ്രദീപുമായി നിത്യവും ബസില്‍ കണ്ടുമുട്ടിയുണ്ടായ പരിചയവും പ്രണയവും വഴിപിരിയാനാകാത്ത വിധത്തിലായപ്പോള്‍ വിജയലക്ഷ്മിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പ്രദീപിനെ വിവാഹം ചെയ്തു നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായത്. വിവാഹത്തിന് സമ്മതിക്കും മുമ്പേ പ്രദീപിന്റെ സ്വഭാവവും രീതികളും ശരിയല്ലെന്ന് മനസിലാക്കിയ വീട്ടുകാര്‍ മകളെ പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വിവാഹം കഴിഞ്ഞപ്പോഴാണ് പ്രദീപിന്റെ യഥാര്‍ത്ഥ സ്വഭാവങ്ങള്‍ വിജയലക്ഷ്മിയ്ക്ക് മനസിലായത്. അതിരാവിലെ വീട്ടില്‍ നിന്ന് എവിടേക്കെന്നില്ലാതെ പോകും. രാത്രി വൈകി തിരികെ വരും. ചില ദിവസങ്ങളില്‍ കൈനിറയെ കണക്കില്ലാത്ത പണമുണ്ടാകും. റിയല്‍ എസ്റ്റേറ്റ്, വണ്ടിക്കച്ചവടമെന്നൊക്കെ പറഞ്ഞ് ആദ്യമൊക്കെ വിജയലക്ഷ്മിയുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ട പ്രദീപിനെ ഒരിക്കല്‍ മാലമോഷണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചുവന്നു.തന്റെ ഭര്‍ത്താവ് മോഷ്ടാവല്ലെന്നും വണ്ടിക്കച്ചവടവും റിയല്‍ എസ്റ്റേറ്റ് ബിസിനസുമാണ് ജോലിയെന്നും വാദിച്ച വിജയലക്ഷ്മിയെ മാലമോഷണത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ കാട്ടി കാര്യങ്ങള്‍ പൊലീസ് ബോദ്ധ്യപ്പെടുത്തുകയും പ്രദീപ് കുറ്റം സമ്മതിക്കുകയും ചെയ്തപ്പോള്‍ വിജയലക്ഷ്മി ഞെട്ടി.
മോഷണക്കേസില്‍ ഭര്‍ത്താവ് ജയിലിലായത് നാട്ടുകാരും ബന്ധുക്കളും അറിഞ്ഞതിന്റെ അപമാനഭാരത്താല്‍ ജീവിച്ച അവള്‍ അപ്പോഴും പ്രദീപിനെ വെറുക്കാന്‍ തയ്യാറായില്ല. കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടതോടെ പ്രദീപിനെ നേര്‍വഴിക്ക് നയിക്കാനാകുമെന്നായിരുന്നു ആത്മാര്‍ത്ഥമായി പ്രണയിച്ചിരുന്ന വിജയലക്ഷ്മിയുടെ ധാരണ. മാലമോഷണക്കേസില്‍ പ്രദീപിനെ ജാമ്യത്തിലിറക്കുകയും കേസ് നടത്താനുള്ള ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കുകയും ചെയ്ത വിജയലക്ഷ്മി മോഷണത്തില്‍ നിന്ന് പ്രദീപിനെ വഴിമാറ്റാന്‍ ധാരാളം ശ്രമിച്ചു.
ലോക്ക് ഡൗണ്‍ കാലത്ത് ജോലിയില്ലാതിരിക്കുമ്പോഴും ചെലവുകള്‍ക്കോ വീട്ടുകാര്യങ്ങള്‍ക്കോ പ്രദീപിനെ ബുദ്ധിമുട്ടിക്കാതെ തന്റെ വീട്ടുകാരെ ആശ്രയിച്ച വിജയലക്ഷ്മി അണ്‍ലോക്കിന് ശേഷം ബംഗളൂരുവില്‍ മത്സ്യക്കട തുടങ്ങി ഭര്‍ത്താവും മക്കളുമായി അവിടേക്ക് പോയി. ബംഗളൂരുവിലെ ഒരു രണ്ട് നില വീടിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ രണ്ട് മുറികള്‍ വാടകയ്‌ക്കെടുത്ത് അതിലായിരുന്നു താമസം. വീടിന് കുറച്ചകലെ ഒരു ബംഗളൂരു സ്വദേശിയായ യുവാവിനെ സഹായിയായി കൂടെ കൂട്ടി ആരംഭിച്ച മത്സ്യക്കച്ചവടം തരക്കേടില്ലാതെ മുന്നോട്ടുപോകുമ്പോഴാണ് ചിന്തകളുണര്‍ന്നത്.
കടയിലെ സഹായിയെയും കൂടെ കൂട്ടി പ്രദീപ് ബംഗളൂരുവിലും കവര്‍ച്ചയ്ക്കിറങ്ങി. ആദ്യ ഒന്ന് രണ്ട് ശ്രമങ്ങള്‍ വിജയിച്ചതോടെ വമ്പന്‍ കവര്‍ച്ചകളുടെ ആസൂത്രണമായി. ഈ സമയം പൊലീസ് പുതുതായെത്തിയ മോഷ്ടാക്കള്‍ക്കായുള്ള പരതലും തുടങ്ങി. പൊലീസിന്റെ നിരീക്ഷണം തുടരുമ്പോള്‍ തന്നെ ബംഗളൂരുവിലെ ഒരു ഫ്‌ലാറ്റില്‍ കവര്‍ച്ചയ്ക്കിടെ പ്രദീപും കൂട്ടാളിയും വീട്ടുടമയെ കൊലപ്പെടുത്തി. പൊലീസ് തികഞ്ഞ ജാഗ്രതയിലായി. മണിക്കൂറുകള്‍ക്കം സഹായി പൊലീസിന്റെ പിടിയിലായി. സഹായിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രദീപിനെ അന്വേഷിച്ച് പൊലീസ് ബംഗളൂരുവിലെ വാടകവീട്ടിലെത്തിയപ്പോഴേക്കും ഭാര്യയെയും മക്കളെയും നാട്ടിലേക്ക് വിട്ടശേഷം പ്രദീപ് മുങ്ങി. അടഞ്ഞുകിടന്ന വാടകവീട് കുത്തിത്തുറന്ന പൊലീസിന് കള്ളനോട്ട് നിര്‍മ്മിക്കുന്ന കമ്മട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് അവിടെ നിന്ന് ലഭിച്ചത്.
കള്ളനോട്ട് നിര്‍മ്മാണത്തിനും പ്രദീപിനും ബംഗളൂരി യുവാവിനുമെതിരെ കേസെടുത്ത ശേഷം കേരളപൊലീസിന്റെ സഹായത്തോടെ പ്രദീപിനെ താമരക്കുളത്തെ വീട്ടില്‍ നിന്ന് ബംഗളൂരുപൊലീസ് പിടികൂടി. ബംഗളൂരുവിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രദീപ് ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.
ജീവിതം വഴിതെറ്റിയതിന്റെ നിരാശയോടെ പാവുമ്പയിലെ സ്വന്തം വീട്ടില്‍ കാന്‍സര്‍ രോഗിയായ അമ്മയ്‌ക്കൊപ്പം കഴിയുകയായിരുന്ന വിജയലക്ഷ്മിയെ പ്രദീപിന്റെ ബന്ധുക്കളില്‍ ചിലരെത്തി ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് പറയപ്പെടുന്നു. പ്രദീപിനെ ജാമ്യത്തിലിറക്കാനും മറ്റുമായി അഞ്ചുലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. പ്രദീപിനെ രക്ഷിക്കാന്‍ ഇനി താനില്ലെന്ന് വെളിപ്പെടുത്തിയ വിജയലക്ഷ്മിയെയും കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഇവര്‍ വിരട്ടി.
അപമാനത്തിന് പുറമെ ഭീഷണിയും
പട്ടാഭിരാമന്‍ സിനിമയില്‍ നായികയുടെ കൂട്ടുകാരിയായി അഭിനയിച്ച വിജയലക്ഷ്മി എങ്ങനെയെങ്കിലും കുട്ടികളുമായി ജീവിക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റി ചിന്തിച്ചിരിക്കുമ്പോഴാണ് ഭീഷണികളുണ്ടായത്.പ്രദീപിന്റെ നിര്‍ദ്ദേശാനുസരണമാണ് ഇതെന്നാണ് കരുതുന്നത്. അപമാനത്തിന് പുറമേ ഭീഷണികൂടിയായതോടെ തളര്‍ന്നുപോയ വിജയലക്ഷ്മി താന്‍ ജീവനൊടുക്കുമെന്ന് അമ്മയോട് പറഞ്ഞിരുന്നെങ്കിലും മകളെ സമാധാനിപ്പിച്ച അമ്മ അത് അത്രകാര്യമാക്കിയില്ല. സംഭവത്തിന്റെ തലേരാത്രി ഉറങ്ങാതെകിടന്ന വിജയലക്ഷ്മി നേരം പുലരുംമുമ്പാണ് ക്ഷേത്രത്തിലേക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങി വീടിന് സമീപത്തെ മരണച്ചിറയെന്ന ദുഷ്‌പേരുള്ള ചിറയില്‍ തന്റെ ജീവിതം അവസാനിപ്പിച്ചത്.
Post Your Comments