ഇടുക്കി: അഞ്ചുരുളി ജലാശത്തില്‍ നിന്നും ഇന്നലെ അര്‍ധരാത്രിയോടെ കണ്ടെത്തിയ മൃതദേഹം പാമ്പാടുംപാറ സ്വദേശിനിയായ യുവതിയുടേതെന്ന് സ്ഥിരീകരണം. ബന്ധു വീട്ടിലേയ്‌ക്കെന്ന് പറഞ്ഞ് ഇന്നലെ വൈകീട്ട് വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ ബന്ധുക്കള്‍ തിരയുന്നതിനിടെയാണ് ഇന്നലെ രാത്രിയില്‍ അഞ്ചുരുളി ജലാശയത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാമ്പാടുംപാറ എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരനായ ജോണ്‍ മുരുകന്റെ മകള്‍ എയ്ഞ്ചല്‍ ( അഞ്ജലി-24) ആണ് മരിച്ചത്.
ഇടുക്കി ഡാമിന്റെ ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി ഭാഗത്തെ ജലാശയത്തില്‍ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ വൈകുന്നേരം ആറോടെ ബന്ധുവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ് യുവതി പാമ്പാടുംപാറയില്‍ നിന്നും ബസില്‍ കയറി കട്ടപ്പനയിലും പിന്നീട് കാഞ്ചിയാര്‍ അഞ്ചുരുളിയിലുമെത്തുകയായിരുന്നു. ഇതിനിടെ ഇവര്‍ അഞ്ചുരുളി ഭാഗത്തേയ്ക്ക് പോയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇത് പൊലീസിനെ അറിയിച്ചു. പിന്നീട് നടത്തിയ തെരച്ചിലില്‍ അഞ്ചുരുളി ജലാശയത്തിന് സമീപത്തു നിന്നും മൊബൈല്‍ ഫോണും ബാഗും കണ്ടെടുത്തിരുന്നു.
അഞ്ജലിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നെന്ന് വിവരം ലഭിച്ചതായും ഇതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ജീവനൊടുക്കിയതാണോ എന്നതുള്‍പ്പെടെ വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന സിഐ സുരേഷ് കുമാര്‍ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Post Your Comments