ന്യൂഡല്‍ഹി : അജ്ഞാത വാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമ രൂപമായി. തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 0.1 ശതമാനം വര്‍ധന വരുത്തിയാണ് നഷ്ടപരിഹാരം നല്‍കുക. ഒന്നര ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിയ്ക്കുക. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കെല്ലാം ഈ സൗജന്യത്തിന് അര്‍ഹതയുണ്ട്. ഇതിനായി ഇന്‍ഷുറന്‍സില്‍ നിന്ന് നിശ്ചിത ശതമാനം മാറ്റിവെയ്ക്കും.
ആശുപത്രികള്‍ ചികിത്സ നിഷേധിയ്ക്കാന്‍ പാടില്ല. ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നല്‍കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് പിന്നീട് സര്‍ക്കാര്‍ ഈ തുക നല്‍കും. ദേശീയപാതാ വിഭാഗം വിവിധ സേവനങ്ങള്‍ക്ക് സെസ് ഈടാക്കുന്നതും പരിഗണനയിലുണ്ട്. ഇത്തരത്തില്‍ സ്വരൂപിക്കുന്ന തുകയില്‍ നിന്നാകും നഷ്ടപരിഹാരവും സൗജന്യ ചികിത്സയും നല്‍കുക. എല്ലാ വാഹന ഇന്‍ഷുറന്‍സ് പോളിസികളിലും നിശ്ചിത ശതമാനം മാറ്റിവെച്ച് ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളിടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കും. അധിക പ്രീമിയം ഈടാക്കാനും കമ്പനികള്‍ക്ക് അനുമതി നല്‍കും.
Post Your Comments