ചെന്നൈ :പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ് ജനതയോടും തമിഴ് സംസ്കാരത്തോടും ബഹുമാനമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് കോയമ്പത്തൂരിൽ എത്തിയ രാഹുല്‍ അനുയായികളെ അഭിസംബോധന ചെയ്ത സംസാരിക്കവെയാണ് ഈക്കാര്യം പറഞ്ഞത്.
ഒരു ഭാഷ, ഒരു സംസ്കാരം എന്നിവ ഇന്ത്യയിലുടനീളം നടപ്പിലാക്കാനാണ് ഇപ്പോഴത്തെ ശ്രമം. അതിനെതിരായാണ് നമ്മുടെ പോരാട്ടം. തമിഴ് ഭാഷയോടും സംസ്കാരത്തോടും മോദിക്ക് ബഹുമാനമില്ല. തമിഴ് ഭാഷയും സംസ്കാരവും ജനങ്ങളും മോശമാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് തുടങ്ങി എല്ലാ ഭാഷകൾക്കും ഇന്ത്യയിൽ ഇടമുണ്ടെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യയിൽ മികച്ച മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. നിർമാണം, വ്യവസായവൽക്കരണം, തൊഴിൽ തുടങ്ങിയവയെല്ലാം ഇന്ത്യക്ക് ആവശ്യമാണ്. ഇതിലെല്ലാം തമിഴ്നാടിനെ രാജ്യത്തിന് മാതൃകയാക്കാവുന്നതാണ്. എന്നാൽ, നിലവിൽ തമിഴ്നാട്ടിലെ യുവാക്കൾക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണുള്ളത്. തമിഴ്നാട്ടിലെ കർഷകരും ദുരിതത്തിലാണെന്നും രാഹുൽ പറഞ്ഞു.
കൂടാതെ തമിഴ്നാടിന് ഒരു പുതിയ സര്‍ക്കാര്‍ ആവശ്യമാണെന്നും നിങ്ങള്‍ അഭിമാനിക്കുന്ന ഒരു സര്‍ക്കാരിനെ നല്കാന് ഞങ്ങള്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇത് രണ്ടാം തവണയാണ് ഈ മാസം രാഹുല്‍ തമിഴ്നാട്ടിലെത്തുന്നത്.
Post Your Comments