ഇടുക്കി : പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച് ഭക്ഷിച്ചു, സംഭവം കേരളത്തില്‍. ഇടുക്കി മാങ്കുളത്താണ് പുള്ളിപ്പുലിയെ കൊന്നു കറിവെച്ചു ഭക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 5 അംഗ സംഘം അറസ്റ്റില്‍. ആറ് വയസുള്ള പുള്ളിപ്പുലിയെയാണ് വനത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ നിന്ന് കെണിവച്ച് പിടിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
Read Also : കൊടും ക്രൂരത വീണ്ടും , നാട്ടിലിറങ്ങിയ കാട്ടാനയെ നാട്ടുകാർ തീകൊളുത്തി കൊന്നു ; വീഡിയോ പുറത്ത്
പുള്ളിപ്പുലിയെ കൊന്നു കറിവെച്ചു ഭക്ഷിച്ച കേസില്‍ മാങ്കുളം സ്വദേശികളായ മുനിപാറ വിനോദ്, ബേസില്‍, വി.പി. കുര്യാക്കോസ്, സി.എസ്. ബിനു, സലി കുഞ്ഞപ്പന്‍, വടക്കും ചാലില്‍ വിന്‍സന്റ് എന്നിവരെ ആണ് വനപാലകര്‍ അറസ്റ്റ് ചെയ്തത്.
കേസില്‍ ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തില്‍ കെണി ഒരുക്കി അഞ്ചംഗ സംഘം പുലിയെ പിടി കൂടുകയായിരുന്നു. 6 വയസ്സ് പ്രായമുള്ള ആണ്‍ പുലിയെയാണ് പിടികൂടിയത്. പുലിയെ കൊന്നു മാംസം സംഘാംഗങ്ങള്‍ വീതിച്ചെടുത്തു. ഇതു സംബന്ധിച്ച് വനപാലകര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിനോദിന്റെ വീട്ടില്‍ നിന്ന് പുലിത്തോലും പുലി മാംസംകൊണ്ടുള്ള കറിയും പിടിച്ചെടുത്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റു 4 പ്രതികളും അറസ്റ്റിലായി. 10 കിലോഗ്രാം മാംസവും പ്രതികളില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. ഇരുമ്പു കേബിള്‍ ഉപയോഗിച്ചാണ് കൃഷിടത്തില്‍ കെണി ഒരുക്കിയിരുന്നത്. പുലിക്കു 40 കിലോയില്‍ കൂടുതല്‍ തൂക്കം ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments