നാഗര്‍കോവില്‍ : പൊലീസ് വേഷത്തിലെത്തി ജൂവലറി ജീവനക്കാരില്‍ നിന്ന് 80 ലക്ഷം തട്ടിയെടുത്ത അഞ്ചംഗ സംഘം 24 മണിക്കൂറിനുള്ളില്‍ പിടിയില്‍. തൊഴുകല്‍, മാവര്‍ത്തല സ്വദേശി ഗോപകുമാര്‍ (37), ആനാവൂര്‍ പാരക്കോണം സ്വദേശി സുരേഷ് കുമാര്‍ (34), പെരുങ്കടവിള സ്വദേശി രാജേഷ് കുമാര്‍ (41), കീഴാരൂര്‍ സ്വദേശി സജിന്‍ കുമാര്‍ (37), മാവര്‍ത്തല സ്വദേശി അഖില്‍ (29) എന്നിവരാണ് പിടിയിലായത്.
തക്കല പൊലീസ് വേഷത്തിലാണ് ഇവര്‍ എത്തിയത്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ജംഗ്ഷനിലെ കേരള ഫാഷന്‍ ജൂവലറി നടത്തുന്ന സമ്പത്ത് ചൊവ്വാഴ്ച കടയിലെ ജീവനക്കാരായ ശ്രീജിത്ത്, അമര്‍, ഗോപകുമാര്‍ എന്നിവരുടെ കൈവശം ഒന്നരക്കിലോ സ്വര്‍ണം തിരുനെല്‍വേലി സ്വദേശിക്ക് കൈമാറി പണം വാങ്ങാന്‍ ഏല്‍പിച്ചു. സ്വര്‍ണവുമായി നാഗര്‍കോവിലില്‍ എത്തിയ ഇവര്‍ അവിടെ നിന്നും ലഭിച്ച 76.40 ലക്ഷം രൂപയുമായി കാറില്‍ തിരികെ വരുമ്പോള്‍ കുമാരകോവില്‍ ജംഗ്ഷനില്‍ പൊലീസ് വേഷത്തില്‍ നിന്ന മോഷണസംഘം ഇവരെ തടഞ്ഞു നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് ഹവാല പണം കൊണ്ടു പോകുന്നതായി വിവരം ലഭിച്ചെന്ന് പറഞ്ഞു കൊണ്ട് ജീവനക്കാരില്‍ നിന്ന് പണം പിടിച്ചെടുക്കുകയായിരുന്നു. തക്കല സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞ ശേഷം മോഷണ സംഘം രക്ഷപ്പെടുകയായിരുന്നു. ജീവനക്കാര്‍ തക്കല സ്റ്റേഷനിലെത്തിയപ്പോഴാണ് പണം കൊണ്ടു പോയത് മോഷണ സംഘമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്‍, തക്കല ഡി.എസ് പി രാമചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. ആറ് സ്പെഷ്യല്‍ ടീമുകളായി നടത്തിയ അന്വേഷത്തില്‍ 24 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അഞ്ചംഗ സംഘം പിടിയിലാകുകയായിരുന്നു.
Post Your Comments