കൊട്ടാരക്കര; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കൊട്ടാരക്കര അസി.സെഷൻസ് കോടതി ഭർത്താവിന് 7 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കീഴാറ്റൂർ ഇടമുളയ്ക്കൽ സ്വദേശിനിയായ സിന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഉറുകുന്ന് അണ്ടൂർപച്ച റോഡ് പുറമ്പോക്കിൽ അനിൽ വിലാസത്തിൽ എം.അനിലി(35)നെയാണ് കോടതി ശിക്ഷ നൽകിയിരിക്കുന്നത്. പിഴ തുകയിൽ രണ്ട് ലക്ഷം രൂപ സിന്ധുവിന് നൽകണം. 2012 ഡിസംബർ 24ന് പുലർച്ചെ 2.15നാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
കീഴാറ്റൂർ ഇടമുളയ്ക്കലിലെ വീടിന്റെ ഹാളിൽ കിടന്നുറങ്ങിയ സിന്ധുവിന്റെ കഴുത്ത് അനിൽ കറിക്കത്തി കൊണ്ട് മുറിയ്ക്കുകയുണ്ടായി. ബഹളം കേട്ട് എത്തിയ ബന്ധുക്കൾ സിന്ധുവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സുഖം പ്രാപിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ സിന്ധുവിനെ അനിൽ ഉപദ്രവിച്ചിരുന്നുവെന്നാണ് മൊഴി. അസി.സെഷൻസ് ജഡ്ജി കെ.എം. രതീഷ്കുമാറാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടർ ആർ.സുനിൽകുമാർ ഹാജരായി.
Post Your Comments