CricketLatest NewsNewsIndiaSports

‘തകർന്നുവീണ ഗാബ എന്ന ഉരുക്കുകോട്ട, ഇന്ത്യയുടെ വിജയക്കൊടി നാട്ടി പന്ത്’; മാസ്മരികം!

വിജയത്തിനുശേഷം ഗ്രൗണ്ടിനുവലം വെയ്ക്കുന്ന ഇന്ത്യൻ ടീം അംഗങ്ങൾ. ഏറ്റവും മുന്നിലായി ഋഷഭ് പന്ത്. അയാളുടെ കരങ്ങളിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക

ആവേശങ്ങൾക്കും ആകാംഷയ്ക്കുമൊടുവിൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ ടീം ഇന്ത്യയ്ക്ക് വിജയം. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ ടീം. ഇതോടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യ. ആവേശം അവസാനനിമിഷം വരെ നിലനിന്ന കളിയിൽ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തരിപ്പണമാക്കിയത്. ഇന്ത്യൻ വിജയത്തെ കുറിച്ച് സന്ദീപ് ദാസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. കുറിപ്പ് ഇങ്ങനെ:

‘നിങ്ങൾ ഗാബയിലേക്ക് വരൂ…!” സിഡ്നി ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ആഗ്രഹിച്ച വിജയം കൊയ്യാൻ സാധിക്കാതെ പോയപ്പോൾ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ നടത്തിയ വെല്ലുവിളി ഇതായിരുന്നു. അയാളുടെ ആത്മവിശ്വാസത്തിന് വ്യക്തമായ കാരണമുണ്ടായിരുന്നു. ബ്രിസ്ബനിലെ ഗാബ മൈതാനം കംഗാരുക്കളുടെ ഉരുക്കുകോട്ടയായിരുന്നു. 32 വർഷങ്ങളായി ഓസീസ് തോൽവി അറിഞ്ഞിട്ടില്ലാത്ത ഗ്രൗണ്ട്. ടീം ഇന്ത്യ ഗാബയിലെത്തി. അവസാന ദിവസം ജയിക്കാൻ 328 റണ്ണുകൾ വേണ്ടിയിരുന്നു. വിള്ളലുകൾ വീണുതുടങ്ങിയ അപ്രവചനീയമായ ബൗൺസുള്ള പിച്ച്.

Also Read: അനധികൃത പാർക്കിംഗ് ; എയർപോർട്ട് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

രോഹിത് ശർമ്മ തുടക്കത്തിലേ പുറത്തായി. അവിശ്വസനീയമായ ഒരിന്നിംഗ്സ് കളിച്ചതിനുശേഷം ഗിൽ ലയണിന് പിടികൊടുത്തു. പുജാരയുടെ ദേഹമാസകലം ഏറുകൊണ്ടു. ഇന്ത്യൻ ക്യാപ്റ്റൻ രഹാനെയ്ക്കുനേരെ ഓസീസ് പേസ് ബോളർ ഹെയ്സൽവുഡ് അസഭ്യം ചൊരിഞ്ഞു. രഹാനെ വീണപ്പോൾ ഒാസീസ് ജയം ഏതാണ്ട് ഉറപ്പിച്ചതുമാണ്. തലവേദന പുജാര മാത്രമായിരുന്നു. പരിചയസമ്പത്തുകുറഞ്ഞ ബാക്കിയുള്ളവരെ എളുപ്പത്തിൽ അരിഞ്ഞുതള്ളാം എന്ന് കംഗാരുക്കൾ കിനാവുകണ്ടു. പക്ഷേ ടീം ഇന്ത്യയുടെ ഡഗ് ഔട്ടിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുണ്ടായിരുന്നു. ഗാബയിൽ ഓസീസ് അവസാനമായി തോറ്റ സമയത്ത് ജനിച്ചിട്ടുപോലുമില്ലാതിരുന്ന ഒരു ഇരുപത്തിമൂന്നുകാരൻ. പേര് ഋഷഭ് പന്ത് ! ക്രീസിലെത്തിയ ഋഷഭിനെ എതിരേറ്റത് ലയണിൻ്റെ മാരകമായ ഒരു ഓഫ്ബ്രെയ്ക്കാണ്. ഓഫ്സ്റ്റമ്പിനുപുറത്ത് പിച്ച് ചെയ്ത പന്ത് ടേൺ ചെയ്ത് ഒന്നാം സ്ലിപ്പിലെത്തി ! ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാൻ്റെ ഏറ്റവും വലിയ പേടിസ്വപ്നം!

Also Read: അനധികൃത പാർക്കിംഗ് ; എയർപോർട്ട് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

എന്നാൽ ലയണിൻ്റെ അടുത്ത പന്ത് ഗാലറിയിലാണ് പതിച്ചത്! വിഷം തുപ്പുന്ന എത്ര പന്തുകളെറിഞ്ഞാലും താൻ പകച്ചുപോവില്ല എന്ന സന്ദേശമാണ് പന്ത് നൽകിയത്! ഓസ്ട്രേലിയ പുതിയ പന്തെടുത്തു. പാറ പോലെ ഉറച്ചുനിന്നിരുന്ന പുജാര ആദ്യം കൂടാരത്തിലെത്തി. വിക്കറ്റ് വലിച്ചെറിഞ്ഞ് മായങ്കും നിരാശപ്പെടുത്തി. അപ്പോഴും ഋഷഭ് കുലുങ്ങിയില്ല. ഫസ്റ്റ് ക്ലാസ് മത്സരപരിചയം പോലും ഇല്ലാത്ത വാഷിങ്ങ്ടൺ സുന്ദറിനെ കൂട്ടുപിടിച്ച് ഋഷഭ് അങ്കം തുടർന്നു. ഓസീസ് ലയണിനെ വീണ്ടും വീണ്ടും ഋഷഭിൻ്റെ മുന്നിലേക്ക് ഇട്ടുകൊടുത്തു. ഇരയെ കാണിച്ച് പ്രലോഭിപ്പിച്ച് വീഴ്ത്തുന്ന നായാട്ടിൻ്റെ തന്ത്രം. ഋഷഭ് കുരുങ്ങിയില്ല. മുട്ടിൻമേലിരുന്നും തോളിനുമുകളിലൂടെ തുഴഞ്ഞുമൊക്കെ ബൗണ്ടറികൾ നേടി !

Also Read: ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ?റമദാൻ മാസത്തിൽ നോമ്പും നോറ്റാണ് പണി മുഴുവന്‍ എടുക്കുന്നത്-വൈറൽ കുറിപ്പ്

ഓസീസിൻ്റെ മുട്ടുവിറച്ചു. ബൈയും ഓവർത്രോയുമൊക്കെ സമ്മർദ്ദത്തിൻ്റെ ഭാഗമായി വന്നു. സുന്ദറിനെയും താക്കൂറിനെയും അവർ പറഞ്ഞയച്ചു. ബാറ്റ് നേരേചൊവ്വേ വീശാനറിയാത്ത സെയ്നി ക്രീസിലെത്തി. സെയ്നിയെ ക്രീസിൽ കിട്ടാനും ഋഷഭിനെ അടക്കിനിർത്താനും വേണ്ടി ഓസീസ് നെഗറ്റീവ് ലൈനിൽ പന്തെറിയുക വരെ ചെയ്തു. പക്ഷേ ഋഷഭ് ഗാബയിൽ ഇന്ത്യയുടെ വിജയക്കൊടി നാട്ടി. ഹെയ്സൽവുഡിൻ്റെ പന്ത് മിഡ്-ഒാഫിലൂടെ ബൗണ്ടറി കടന്നു. ക്രിക്കറ്റ് ലോകത്തിന് ഋഷഭിനെ പുകഴ്ത്താൻ വാക്കുകൾ കിട്ടാതെയായി. ഈ സീരീസിനെ അടിസ്ഥാനമാക്കി ഒരു ഡോക്യുമെൻ്ററി ഇറക്കേണ്ടതാണ്. ആദ്യ ടെസ്റ്റിൽ കേവലം 36 റണ്ണുകൾക്ക് ഓളൗട്ടായ ഇന്ത്യ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. അതിനുപിന്നാലെ ടീമിൻ്റെ ക്യാപ്റ്റൻ വിരാട് കോഹ്ലി പിതൃത്വ അവധിയിൽ പ്രവേശിച്ചു. ടീമിലെ പ്രധാന താരങ്ങളെല്ലാം പരിക്കേറ്റ് പുറത്തായി. ഇന്ത്യയുടെ ‘ബി’ ടീം ഒാസീസിൻ്റെ ഫുൾസ്ട്രെങ്ത്ത് സംഘത്തിനെതിരെ കളിച്ചു. അതും അവരുടെ മണ്ണിൽ!

https://www.facebook.com/permalink.php?story_fbid=2872553536315196&id=100006817328712

എന്നിട്ടും ഇന്ത്യ 2-1ന് ജയിച്ചു. തീർച്ചയായും ഈ സീരീസ് ഡോക്യുമെൻ്ററിയുടെ രൂപം കൊള്ളണം. ജീവിതത്തിൽ തോറ്റുപോയി എന്ന് കരുതുന്നവർക്ക് തിരിച്ചുവരാൻ അതിനേക്കാൾ വലിയ പ്രചോദനം വേറെയുണ്ടാവില്ല. അതിൻ്റെ ക്ലൈമാക്സ് ഞാൻ പറയാം. നാലാം ടെസ്റ്റ്. തകർന്നുവീണ ഗാബ എന്ന ഉരുക്കുകോട്ട. വിജയത്തിനുശേഷം ഗ്രൗണ്ടിനുവലം വെയ്ക്കുന്ന ഇന്ത്യൻ ടീം അംഗങ്ങൾ. ഏറ്റവും മുന്നിലായി ഋഷഭ് പന്ത്. അയാളുടെ കരങ്ങളിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക…

shortlink

Related Articles

Post Your Comments

Related Articles


Back to top button