Latest NewsKeralaNews

അമ്മയെ മകന്‍ കുളിമുറിയില്‍ പൂട്ടിയിട്ടു ; ഉറുമ്പരിച്ച് അവശയായ 80-കാരിയെ മോചിപ്പിച്ചത് പൊലീസ്

പഴനിയില്‍ ഒരു ചടങ്ങില്‍ പോയതിനാലാണ് മകനും മരുമകളും മുറിയില്‍ നിന്ന് ഇടുങ്ങിയ കുളിമുറിയിലേക്ക് വൃദ്ധയെ മാറ്റി കിടത്തിയത്

പാലക്കാട് : അമ്മയെ മകന്‍ കുളിമുറിയില്‍ പൂട്ടിയിട്ടു. കുളിമുറിയ്ക്കുള്ളില്‍ ഉറുമ്പരിച്ച് അവശയായ നിലയില്‍ കണ്ടെത്തിയ 80 വയസുകാരിയെ പൊലീസ് എത്തി മോചിപ്പിച്ചു. കല്ലേപ്പുള്ളി തെക്കുമുറി എടക്കാട്ടെ ലൈന്‍ ഷെഡില്‍ താമസിക്കുന്ന വയോധികയ്ക്കാണ് ഈ ദുരിതം ഉണ്ടായത്. അവശയായ വൃദ്ധ നിലവിളിച്ചിട്ടും തൊട്ടടുത്തുള്ള അയല്‍ക്കാര്‍ പോലും തിരിഞ്ഞു നോക്കിയില്ല. തുടര്‍ന്നാണ് പൊലീസ് എത്തി ഭക്ഷണം നല്‍കി ആശുപത്രിയിലേക്ക് മാറ്റിയത്.

പഴനിയില്‍ ഒരു ചടങ്ങില്‍ പോയതിനാലാണ് മകനും മരുമകളും മുറിയില്‍ നിന്ന് ഇടുങ്ങിയ കുളിമുറിയിലേക്ക് വൃദ്ധയെ മാറ്റി കിടത്തിയത്. ഭക്ഷണം പാത്രത്തിലാക്കി കുളിമുറിയില്‍ വച്ചിരുന്നു. വെയിലിനു ചൂടേറിയതോടെ അവശത വര്‍ധിച്ച വയോധിക സഹായത്തിനായി നിലവിളിയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ നിര്‍ദ്ദേശം അനുസരിച്ച് കസബ പൊലീസ് സ്ഥലത്തെത്തി ഷെഡിന്റെ പൂട്ടു പൊളിച്ച് വൃദ്ധയെ മോചിപ്പിയ്ക്കുകയായിരുന്നു. തുടര്‍ന്ന് വൃദ്ധയ്ക്ക് ഭക്ഷണം നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.

തമിഴ്‌നാട് സ്വദേശികളായ ഇവര്‍ ഒരു വര്‍ഷം മുന്‍പാണ് ഇവിടേയ്ക്ക് താമസത്തിനെത്തിയത്. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്. മുന്‍പും അമ്മയെ മക്കള്‍ കുളിമുറിയില്‍ അടച്ചിട്ടിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. സംഭവത്തില്‍ മകനും മരുമകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെയുള്ള അതിക്രമ നിരോധന നിയമ പ്രകാരമാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button