ന്യൂഡൽഹി : സൈനികർക്കായി ബൈക്ക് ആംബുലൻസ് സംവിധാനത്തിന് തുടക്കം കുറിക്കാനൊരുങ്ങി സിആർപിഎഫ്. ഇന്ന് ഡൽഹിയിൽ ആദ്യ ബൈക്ക് ആംബുലൻസിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. രക്ഷിത എന്ന പേരിലാണ് സേവനം ആരംഭിക്കുന്നത്.സിആർപിഎഫും ഡിആർഡിഒയും ഇൻസ്റ്റിറ്റൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈയ്ഡ് സയൻസും സംയുക്തമായാണ് ബൈക്ക് ആംബുലൻസ് വികസിപ്പിച്ചിരിക്കുന്നത്.
ഭീകരരുമായുള്ള ഏറ്റുമുട്ടലുകളിൽ പരിക്കേൽക്കുന്ന ജവാന്മാർക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുകയാണ് ബൈക്ക് ആംബുലൻസിന്റെ ലക്ഷ്യം. ബിജാപ്പൂർ, സുക്മ, ദന്തേവാഡ എന്നീ മേഖലകളിലെല്ലാം ഈ സേവനങ്ങൾ കൂടുതൽ പ്രയോജനപ്രദമായിരിക്കുമെന്നാണ് സിആർപിഎഫിന്റെ വിലയിരുത്തൽ. ഈ പ്രദേശങ്ങൾ വനമേഖലകളായതിനാൽ തന്നെ ഇവിടെ വലിയ വാഹങ്ങൾക്കും ആംബുലൻസുകൾക്കും എത്തിച്ചേരാൻ ബുദ്ധിമുട്ടാണ്.
വൈദ്യസഹായം കൃത്യസമയത്ത് നൽകാത്തതിനെ തുടർന്ന നിരവധി പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ബൈക്ക് ആംബുലൻസ് സേവനം ആരംഭിക്കുന്നത്.
Post Your Comments