
മേലാറ്റൂർ: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഇരുപതു വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പട്ടിക്കാട് ചുങ്കത്ത് സൈൻ ട്രാവൽസ് നടത്തിയിരുന്ന പാണ്ടിക്കാട് വളരാട് സ്വദേശി അരിവായിൽ മുഹമ്മദ് യൂസുഫ് ഇസാമാണ് (20) മേലാറ്റൂർ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നൂറോളം പേരിൽനിന്നായി 30,000വും അതിനു മുകളിലുമുള്ള സംഖ്യയും തട്ടിയെടുത്ത സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പണം നൽകിയവർ വിസ ലഭിക്കാത്തതിനെ തുടർന്ന് നൽകിയ പരാതികളിൽ മേലാറ്റൂർ പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പോലീസ് കേസെടുത്തതോടെ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ പ്രതി നാട്ടിൽ തിരിച്ചെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്പിടിയിലായത്. മേലാറ്റൂർ സി.െഎ കെ. റഫീഖ്, എസ്.െഎ മത്തായി, സി.പി.ഒമാരായ ഷൈജു, രാജീഷ്, അംബിക, ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments