ന്യൂഡല്‍ഹി: ആദ്യ ദിനത്തില്‍ രാജ്യത്ത് കോവിഡ് വാക്സിന്‍ കുത്തിവെപ്പെടുത്തത് 1,65,714 പേര്‍. വാക്സിന്‍ എടുത്ത ആരെയും പാര്‍ശ്വഫലങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ 7,206 പേരാണ് വാക്സിന്‍ എടുത്തത്. ആന്ധ്രപ്രദേശിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കിയത് – 16,963.
Read Also : കോവിഡ് വാക്സിനേഷൻ : മോദി സർക്കാരിനെ വാനോളം പുകഴ്ത്തി ലോകാരോഗ്യസംഘടന
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ ഉദ്ഘാടനം ചെയ്തത്. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ആദരവ് അര്‍പ്പിച്ചാണ് മോദി വാക്സിനേഷന് തുടക്കമിട്ടത്.
‘വാക്സിന്‍ എപ്പോള്‍ എത്തുമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. അതിനുള്ള ഉത്തരമാണിത്. കുറഞ്ഞസമയം കൊണ്ട് അത് എത്തിക്കാനായി. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് ദൗത്യമാണ് തുടങ്ങുന്നത്. വാക്സിനായി പ്രയത്നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. മുന്നണി പോരാളികളുടെ വാക്സിനേഷന് ചെലവ് കേന്ദ്രം വഹിക്കും’ -ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
കോവിഷീല്‍ഡ് വാക്‌സിനാണ് രാജ്യത്തെ രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. കേരളത്തില്‍ 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്. എറണാകുളം ജില്ലയില്‍ 12ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതവും കേന്ദ്രങ്ങളാണുള്ളത്. മറ്റു ജില്ലകളില്‍ 9 വീതവും. രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കുക.
വാക്സിന്‍ നല്കാന് ഒരാള്‍ക്ക് നാലുമുതല്‍ അഞ്ചു മിനിറ്റ് വരെയാണ് സമയമെടുക്കുന്നത്. ഓരോ വ്യക്തിക്കും 0.5 എം.എല്‍ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുന്നത്. ആദ്യ ഡോസിന് 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.
Post Your Comments