
ഒരു വർഷത്തോളമായുള്ള പ്രതിസന്ധികൾക്ക് പരിഹാരം. കേരളത്തിൽ ആദ്യഘട്ട കൊറോണ വാക്സിൻ എത്തിച്ച് കേന്ദ്രം. വാക്‌സിനുമായുള്ള ആദ്യ വിമാനം രാവിലെ 11 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഗോ എയർ വിമാനത്തിലാണ് വാക്സിൻ എത്തിച്ചത്. നെടുമ്പാശ്ശേരിയിലെത്തിയ ആദ്യ ബാച്ച് വാക്‌സിൻ ജില്ലാ കലക്ടറുടെയും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഏറ്റുവാങ്ങി. 1,33,500 ഡോസ് കൊവിഷീൽഡ് വാക്സിനുകളാണ് ഗോ എയർ വിമാനം വഴി കൊച്ചിയിൽ എത്തിച്ചിരിക്കുന്നത്.
രണ്ടാമത്തെ വിമാനം വൈകീട്ട് ആറ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 4,35,500 ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് ആദ്യഘട്ടത്തിൽ കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണൽ വാക്‌സിൻ സ്റ്റോറുകളിലാണ് വാക്‌സിൻ എത്തിക്കുക. കോഴിക്കോട് വരുന്ന വാക്സിനിൽ നിന്നും 1,100 ഡോസ് വാക്സിനുകൾ മാഹിയിൽ വിതരണം ചെയ്യും.
Also Read: ട്രംപിനെതിരെ നടപടി തുടർന്ന് സാമൂഹ്യമാധ്യമങ്ങൾ, ചാനൽ നിർത്തലാക്കി യൂട്യൂബ്
വാക്സിൻ എത്തിയാൽ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ നിന്നും എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് എത്തിക്കുക. തിരുവനന്തപുരത്തെത്തുന്ന വാക്‌സിൻ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് നിന്ന് കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്കും വാക്‌സിൻ എത്തിക്കും.
Post Your Comments