KeralaLatest NewsNews

രാജ്യം മുഴുവൻ ഡിജിറ്റൽ പണമിടപാടിലേക്ക് മാറുമ്പോഴും എടിഎം പോലുമില്ലാത്ത ഒരു പഞ്ചായത്ത് കേരളത്തിൽ

കാസർഗോഡ് : രാജ്യം മുഴുവൻ ഡിജിറ്റൽ പണമിടപാടിലേക്ക് മാറുമ്പോഴും കാസർഗോഡ് നഗരത്തിൽ നിന്ന് 35 കിലോ മീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ബെല്ലൂർ എന്ന പഞ്ചായത്തിൽ ഒരു എടിഎം പോലുമില്ല. രണ്ടു മാസം മുൻപ് മധു ബാലകൃഷ്ണൻ എന്ന ബെല്ലൂരിലെ ഒരു നാട്ടുകാരന്റെ അമ്മയ്ക്ക് അസുഖം പിടിപെട്ടു. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുന്നതിനിടയിലാണ് ആംബുലൻസ് വാടക പോലും നൽകാൻ പണം തികയില്ല എന്ന് മധു ബാലകൃഷ്ണൻ മനസിലാക്കിയത്.

ബാങ്ക് അവധി ദിവസം കൂടിയായിരുന്നു അന്ന്. എന്നാൽ കേരള ഗ്രാമീൺ ബാങ്ക്, ബെല്ലൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ രണ്ട് ബാങ്കുകളിലും മധുവിന് അക്കൗണ്ടുകളുണ്ടായിരുന്നു.‌ ഈ രണ്ടു ബാങ്കുകളും ഇതുവരെ എടിഎം സ്ഥാപിച്ചിട്ടില്ല. ഇതോടെ അയൽ സംസ്ഥാനമായ കർണാടകയിലെ ഈശ്വരമംഗലയിലേക്ക് 12 കിലോമീറ്റർ വാഹനം ഓടിച്ച് പണം പിൻവലിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതോടെ ഇദ്ദേഹത്തിന്റെ അമ്മയുടെ ആശുപത്രി പ്രവേശനം ഒരു മണിക്കൂർ വൈകിയിരുന്നു.

ബെല്ലൂരിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണ്. പെട്ടെന്ന് പണം ലഭ്യതമല്ലാതിരുന്നതോടെ പാമ്പു കടിയേറ്റവർക്ക് വൈദ്യസഹായം വൈകിയതടക്കമുള്ള സംഭവങ്ങൾ ഇവിടെ ധാരാളമാണ്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള കുട്ടികൾക്കും പലപ്പോഴും ചികിത്സ വൈകുന്നു. ഇവിടെയുള്ള രണ്ടു ബാങ്കുകളിലൊന്ന് ജനങ്ങളുടെ ആവശ്യം ശ്രദ്ധിക്കുകയും എടിഎം സ്ഥാപിക്കുകയും ചെയ്തിരുന്നെങ്കിൽ പ്രശ്നം ഒഴിവാക്കാമെന്ന് ബെല്ലൂരിലെ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ രാജഗോപാല കൈപംഗല പറയുന്നു.

ഈ വിഷയം ബാങ്ക് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തി എങ്കിലും
ഇതുവരെ ഒരു ഫലവും ലഭിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. എടിഎം ഇല്ലാത്ത കേരളത്തിലെ ഒരേയൊരു ഗ്രാമപഞ്ചായത്ത് ബെല്ലൂർ മാത്രമായിരിക്കാമെന്നാണ് ഇവർ പറയുന്നത്.
13,000 ത്തോളം പേർ ഈ പഞ്ചായത്തിൽ താമസിക്കുന്നു. അവരിൽ ഭൂരിഭാഗവും കർഷകരാണ്. കേരളത്തിലെ മുള്ളേരിയ, പെർല, ബദിയഡുക്ക എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ നിന്നും കർണാടകയിലെ അർല പടാവു, ഈശ്വരമംഗല എന്നിവിടങ്ങളിൽ നിന്നുമാണ് ഇപ്പോൾ നാട്ടുകാർ പണം പിൻവലിക്കുന്നത്. ഇതിനായി കിലോ മീറ്ററുകൾ സഞ്ചരിക്കുന്നത് വഴിയുള്ള പണച്ചെലവ് വേറെയാണെന്നും ഇവർ പറയുന്നു.

കടപ്പാട് : മനോരമ

shortlink

Related Articles

Post Your Comments

Related Articles


Back to top button