വയനാട് : കൊളവള്ളിയില്‍ റേഞ്ച് ഓഫീസറെ ആക്രമിച്ച് ഭീതി വിതച്ച് കടന്ന കടുവയെ പിടികൂടാന്‍ വനംവകുപ്പ് പുതിയ തന്ത്രം ആവിഷ്‌ക്കരിയ്ക്കുന്നു. കടുവയെ ആകര്‍ഷിയ്ക്കാനായി പെണ്‍കടുവയുടെ മൂത്രം കൊണ്ടുവരാനാണ് വനംവകുപ്പിന്റെ ശ്രമം. തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനപാലകര്‍ കൊളവള്ളിയിലെത്തി. കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ മൈസൂരു മൃഗശാലയില്‍ നിന്നു മൂത്രം എത്തിയ്ക്കാനാണ് വനംവകുപ്പ് ശ്രമിയ്ക്കുന്നത്. ജനവാസ മേഖലയില്‍ ഇറങ്ങിയത് ആണ്‍കടുവയാണെന്നാണ്
വിലയിരുത്തല്‍. ഈ കടുവയെ ആകര്‍ഷിയ്ക്കുന്നതിനായി കെണിയുടെ സമീപം പെണ്‍കടുവയുടെ മൂത്രം തളിയ്ക്കും. ഇതിലൂടെ ഒളിച്ചിരിയ്ക്കുന്ന കടുവയെ ആകര്‍ഷിയ്ക്കാന്‍ കഴിയുമെന്നാണ് വനംവകുപ്പ് കരുതുന്നത്.
പ്രദേശത്ത് കടുവയെ പിടികൂടുന്നതിന് മൂന്നാമത്തെ കൂടും സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഞായറാഴ്ച കടുവ റേഞ്ച് ഓഫീസര്‍ ടി.ശശികുമാറിനെ ആക്രമിച്ചിരുന്നു. തോളെല്ലിന് പൊട്ടലുണ്ടായ ടി.ശശികുമാറിന്റെ ശസ്ത്രക്രിയ ചൊവ്വാഴ്ച നടത്തും. അതേസമയം, കടുവയുടെ സാന്നിധ്യത്തില്‍ നാട്ടുകാര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പലരും പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന അവസ്ഥയിലാണ്.
Post Your Comments