തിരുവനന്തപുരം : കാരയ്ക്കാമണ്ഡപത്തിന് സമീപം ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തിലാണ് പ്രദീപ് കൊല്ലപ്പെടുന്നത്. അപകടത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്ന വാഹനം കസ്റ്റഡിയെടുക്കുകയും അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. മാത്രവുമല്ല ഇത് സ്വാഭാവിക അപകടമല്ലെന്നും നിരവധി സംശയങ്ങള്‍ ഉണ്ടെന്നും പ്രദീപിന്റെ അമ്മയും ഭാര്യയും ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കുന്നതായി PradeepPraസംശയിക്കുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കാനോ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പൊതുസമൂഹത്തിന്റെയും സംശയം ദൂരീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനോ അധികാരികള്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Read Also : നാല് മലയാളികൾക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം
മനുഷ്യാവകാശ പ്രവര്‍ത്തകനായ കെ.എം. ഷാജഹാനാണ് കണ്‍വീനര്‍. ബിജെപി സംസ്ഥാന സമിതി അംഗവും മാധ്യമ പ്രവര്‍ത്തകനുമായ സന്ദീപ് വാചസ്പതി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു, മലയാളി വാര്‍ത്താ ചീഫ് എഡിറ്റര്‍ സോയ് മോന്‍ മാത്യു, തത്വമയി ടിവി ചീഫ് എഡിറ്റര്‍ രാജേഷ് പിള്ള, എന്നിവര്‍ കോ കണ്‍വീനര്‍മാരാണ്. ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍, മാധ്യമ പ്രവര്‍ത്തകരായ എസ് ശിവപ്രസാദ്, എംബി സന്തോഷ്, എന്നിവര്‍ ഉള്‍പ്പെട്ട ആക്ഷന്‍ കൗണ്‍സിലാണ് രൂപീകരിച്ചത്.
പ്രദീപിന്റെ മരണം സ്വാഭാവിക മരണമായി ഒതുക്കി തീര്‍ക്കാനുള്ള പൊലീസ് ശ്രമത്തില്‍ ദുരൂഹതയുണ്ടെന്ന് സന്ദീപ് വാചസ്പതി ആരോപിച്ചു. പ്രദീപിനൊപ്പം സഞ്ചരിച്ച ഇരു ചക്രവാഹനത്തില്‍ ഉള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം. മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഹണിട്രാപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി പിന്‍വലിക്കപ്പെട്ടതിലും ദുരൂഹതയുണ്ട്. ഈ ഹര്‍ജി പിന്‍വലിക്കാന്‍ പ്രദീപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയവരേയും പ്രദീപിന്റെ വക്കാലത്ത് ഏറ്റെടുത്തിരുന്ന അഭിഭാഷകനേയും ചോദ്യം ചെയ്യണമെന്നും സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു.
സത്യം വിളിച്ചു പറയുന്ന എല്ലാവരും വേട്ടയാടപ്പെടുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് കെ.എം. ഷാജഹാന്‍ ചൂണ്ടിക്കാട്ടി. ഇത് മാധ്യമ പ്രവര്‍ത്തകരെ മാത്രം ബാധിക്കുന്ന വിഷയമല്ല. നിര്‍ഭയമായി കാര്യങ്ങള്‍ പറഞ്ഞതിന് പ്രദീപിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
അടുത്തടുത്ത് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ടും മാധ്യമ ലോകം നിസംഗത പുലര്‍ത്തുകയാണെന്ന് റോയ് മാത്യു പറഞ്ഞു. ഭാവിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടാകണമെങ്കില്‍ ഇതിന്റെ പിന്നിലെ സത്യം തെളിയണമെന്നും അദ്ദേഹം പറഞ്ഞു. രാജേഷ് പിള്ളയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. സമഗ്ര ആന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ നടയില്‍ സമരം അടക്കമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രദീപിന്റെ മരണം സംബന്ധിച്ച് നിരവധി ദുരൂഹതകളാണ് പൊതുസമൂഹത്തിന് മുന്നിലുള്ളത്. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ പ്രദീപിന്റെ മരണത്തെ ചുറ്റിപ്പറ്റിയുണ്ട്. ഇതിനൊക്കെ ഉത്തരം തേടേണ്ട പൊലീസാകട്ടെ അതിന് മെനക്കെടുന്നുമില്ല.
1. അപകട സമയത്ത് പ്രദീപിന്റെ സ്‌കൂട്ടറിനൊപ്പം സഞ്ചരിച്ച മറ്റ് രണ്ട് സ്‌കൂട്ടറുകളില്‍ ഉള്ളത് ആരായിരുന്നു? അവരെ ചോദ്യം ചെയ്‌തോ?
2. പ്രദീപിന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നു എന്ന് പലരും പറഞ്ഞിട്ടും പ്രദീപ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പൊലീസ് തയ്യാറാകാത്തത് എന്തു കൊണ്ട്?.
3. പ്രദീപിന്റെ ജീവന് ഭീഷണി ഉണ്ടെന്ന് അറിയാവുന്ന സുഹൃുത്തുക്കളേയും സഹപ്രവര്‍ത്തകരേയും ചോദ്യം ചെയ്യാത്തത് എന്താണ്?
4. അപകടത്തിന് ദൃക്‌സാക്ഷികളായ, വഴിയോരത്ത് കശുവണ്ടി കച്ചവടം നടത്തിയിരുന്ന രണ്ട് ചെറുപ്പക്കാര്‍ സംഭവ സ്ഥലത്ത് പിന്നീട് കച്ചവടത്തിന് വരാതെ അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ടോ?
5. പ്രദീപ് രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പായ ഷാര്‍പ്പ് ഐ യില്‍ തീവ്രവാദ സ്വഭാവമുള്ളവര്‍ കടന്നു കൂടിയതായി പറയപ്പെടുന്നു. ഇവര്‍ പ്രദീപുമായുണ്ടായ അസ്വാരസ്യം മരണത്തിന് ഇടയാക്കിയിട്ടുണ്ടോ?
6. മന്ത്രി ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഹണി ട്രാപ്പ് വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രദീപിന് ഭീഷണി ഉണ്ടായിരുന്നോ?
7. ഈ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപ് നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയ തലസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആരാണ്? ഇയാളെ പൊലീസ് ചോദ്യം ചെയ്യാത്തത് എന്താണ്?.
8. പ്രദീപ് മരിക്കുന്നതിന് ഒരു മാസം മുന്‍പ് ഈ കേസ് പിന്‍വലിച്ചെന്ന് മരണ ശേഷം മാത്രമാണ് പുറം ലോകം അറിയുന്നത്. എല്ലാ കാര്യങ്ങളും ഭാര്യയുമായി ചര്‍ച്ച ചെയ്യുന്ന പ്രദീപ് ഇക്കാര്യം പറഞ്ഞിട്ടില്ലായെന്ന് ഭാര്യ ഡോ. ശ്രീജ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ഈ കേസ് പിന്‍വലിച്ചത് ആരാണ്?
അതിന് പ്രദീപ് ഒരിക്കലും സമ്മതം നല്‍കില്ലെന്ന ഭാര്യയുടെ അഭിപ്രായം പൊലീസ് പരിഗണിച്ചോ? അങ്ങനെയെങ്കില്‍ ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷയില്‍ ഒപ്പു വെച്ചത് ആരാണ്? മറ്റൊരു പരാതിക്കാരനായ എം. ബി സന്തോഷും ഇക്കാര്യം അറിഞ്ഞിട്ടില്ല.
9. പ്രദീപ് അപകടത്തില്‍ പെട്ട സമയത്തും അതിനു ശേഷവും പ്രദീപിന്റെ മൊബൈലിലേക്ക് വിളിച്ച മാധ്യമ പ്രവര്‍ത്തകന് ഹര്‍ജി പിന്‍വലിക്കലുമായി ബന്ധമുണ്ടോ?
10. ഹൈക്കോടതിയിലെ കേസ് പിന്‍വലിച്ചതായി പ്രദീപ് പറഞ്ഞ് അറിവുണ്ടെന്ന് വെളിപ്പെടുത്തിയ വിവാദ സ്വാമിക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പങ്കുണ്ടോ?
11. പ്രദീപിന്റെ സഹപാഠിയും ഹൈക്കോടതി കേസിന്റെ വക്കാലത്ത് ഉള്ളയാളുമായ അഡ്വ. വെഞ്ഞാറമൂട് സിയാദ് ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ കേസ് പിന്‍വലിച്ചത്? ഇക്കാര്യത്തില്‍ ഇയാളെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകാത്തത് എന്തു കൊണ്ട്?
12. ഈ അപകടത്തിന് കണ്ണൂര്‍ ജില്ലയുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചാരണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ?. പോരാളി ഷാജിയെന്ന ഫെയ്‌സ് ബുക്ക് പേജില്‍ വന്ന അനുശോചനം യഥാര്‍ത്ഥത്തില്‍ ഭീഷണി തന്നെ ആയിരുന്നില്ലേ?.
13. പ്രദീപ് വാര്‍ത്തകളില്‍ കൂടി നിശിതമായി വിമര്‍ശിച്ചിരുന്ന വിവാദ ബിഷപ്പിന് ഈ കേസുമായി ബന്ധമുണ്ടോ? ഇയാളുടെ സ്ഥാപനങ്ങളില്‍ നടന്ന ഇ.!ഡി റെയ്ഡിന് കാരണമായ പരാതിക്ക് പിന്നില്‍ പ്രദീപായിരുന്നു എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും.
14. എഫ്.ഐ.ആറില്‍ ചേര്‍ത്തിരുന്ന ഐ.പി.സി 302 വകുപ്പ് പിന്നീട് ഐ.പി.സി 304 ആക്കി മാറ്റിയത് എന്തിനായിരുന്നു.
15. പ്രദീപിന്റെ അമ്മ ആര്‍ വസന്തകുമാരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പേരെടുത്ത് പറഞ്ഞവരെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകാത്തത് എന്തു കൊണ്ടാണ്?
ഇത്തരത്തില്‍ നിരവധി സംശയങ്ങള്‍ പൊതുസമൂഹത്തില്‍ നിലവിലുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അന്വേഷിക്കാന്‍ പൊലീസ് തയ്യാറാകാത്തത് എന്തുകൊണ്ടാണ്. ഇത് ഒരു സ്വാഭാവിക അപകടം മാത്രമാണെന്ന് ഉറപ്പിക്കാന്‍ പൊലീസ് തിടുക്കം കാണിക്കുന്നതും ദുരൂഹമാണ്. ഈ സാഹചര്യത്തില്‍ കേരളാ പൊലീസില്‍ നിന്ന് നീതി കിട്ടില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍ പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിക്കുന്നു.
Post Your Comments