ആലപ്പുഴ : പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ഉന്നതതല കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ മൂന്ന് മാസത്തേക്ക് കര്‍ശന ജാഗ്രത പാലിയ്ക്കണമെന്നാണ് കേന്ദ്ര സംഘത്തിന്റെ നിര്‍ദ്ദേശം. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിന്‍ഹാജ് ആലം, ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ എസ്.കെ സിങ് എന്നിവരാണ് ഇന്നലെ ജില്ലയിലെത്തിയത്.
പക്ഷിപ്പനി ബാധ കണ്ടെത്തിയ തകഴി, പള്ളിപ്പാട്, കരുവാറ്റ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയയ്ക്കുന്നതു തുടരണമെന്നും ഉന്നതസംഘം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിനോദ സഞ്ചാര മേഖല തുറക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംഘം ചൂണ്ടിക്കാട്ടി.
ജില്ലയിലെ കോവിഡ് ടെസ്റ്റുകളുടെ സ്ഥിതി, കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായവരെ പിന്തുടരുന്ന രീതി, വീടുകളിലെ നിരീക്ഷണം, കോവിഡ് ആശുപത്രികളിലെ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ചു സംഘം ചോദിച്ചറിഞ്ഞു. കലക്ടര്‍ എ അലക്‌സാണ്ടര്‍, മൃഗസംരക്ഷണ, ആരോഗ്യ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായും കേന്ദ്രസംഘം ചര്‍ച്ച നടത്തി.
Post Your Comments