
കൊട്ടാരക്കര : എം.സി.റോഡിൽ പനവേലി ജങ്ഷനുസമീപം കാർ നിയന്ത്രണംവിട്ട് കെ.എസ്.ആർ.ടി.സി. ബസിലേക്ക് ഇടിച്ചുകയറി ദമ്പതിമാർക്ക് ദാരുണാന്ത്യം. പന്തളം കടക്കാട് പള്ളിതെക്കതിൽ (ഷെഫിൻ മൻസിൽ) നാസർ റാവുത്തർ (58), ഭാര്യ സജിലാബീവി (50) എന്നിവരാണ് അപകടത്തിൽ ദാരുണമായി മരിച്ചത്. ഒപ്പമുണ്ടായിരുന്ന മരുമകൾ സുമയ്യയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കെ.എസ്.ആർ.ടി.സി. ബസിലുണ്ടായിരുന്ന ഉമ്മന്നൂർ സ്വദേശികളായ അഞ്ജു (20), രാധ (49), സുമതി (53), ജാസ്മിൻ (20), ഷീന (38), അണ്ടൂർ സ്വദേശി ഗായത്രി (23) എന്നിവർക്കുംഅപകടത്തിൽ പരിക്ക് പറ്റുകയുണ്ടായി. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. ഗൾഫിലേക്കുമടങ്ങിയ മൂത്തമകൻ ഷെഫീഖിനെ യാത്രയാക്കാൻ രാവിലെ എട്ടുമണിയോടെ പന്തളത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പോയി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണംവിട്ട കാർ റോഡിന്റെ മധ്യഭാഗംകടന്ന് എതിരേവരികയായിരുന്ന കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസിലേക്ക് ഇടിച്ചുകയറുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നതാണ്. നാസർ റാവുത്തറും സജിലാബീവിയും അപ്പോൾ തന്നെ മരിച്ചു. പിൻസീറ്റിലായിരുന്ന സുമയ്യയ്ക്കും പരിക്ക് ഗുരുതരമാണ്. കാർ പൂർണമായി തകർന്നു.
പോലീസും അഗ്നിരക്ഷാസേനയും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയുണ്ടായി . മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മറ്റുമക്കൾ: ഷെഫീന, ഷെഫിൻ. മരുമകൻ: അൽത്താഫ് (എസ്.ഐ. പൂജപ്പുര പോലീസ് സ്റ്റേഷൻ).
Post Your Comments