ബെയ്ജിംഗ് : ചൈനയുടെ സിനോഫാം വാക്‌സിൻ അപകടകാരിയെന്ന് ഷാങ്ഹായിലെ വാക്‌സിൻ വിദഗ്ധനായ ഡോ. താവോ ലിന. ലോകത്ത് ഏറ്റവും സുരക്ഷിതമല്ലാത്ത വാക്‌സിനാണ് ചൈന തദ്ദേശീയമായി നിർമ്മിച്ച സിനോഫാം വാക്‌സിൻ എന്നും ഇദ്ദേഹം പറഞ്ഞു.
ചൈനീസ് വാക്‌സിനായ സിനോഫോം ഉപയോഗശൂന്യമാണെന്നും അതിന് 73 പാർശ്വഫലങ്ങളുണ്ടെന്നും ഡോ. താവോ പറഞ്ഞു. കുത്തിവെയ്പ് എടുത്ത ഭാഗത്തിന് ചുറ്റും വേദന, തലവേദന,രക്തസമ്മർദ്ദം, കാഴ്ചക്കുറവ് എന്നീ പാർശ്വഫലങ്ങൾ വരുമെന്നാണ് താവോ പറഞ്ഞിരുന്നത്. ഒരു വീഡിയോയിലൂടെയാണ് ഡോ. താവോ ലിന ഈക്കാര്യം പറഞ്ഞത്. എന്നാൽ വീഡിയോ വൈറലായതോടെ അത് സോഷ്യൽ മീഡിയയിൽ നിന്നും പിൻവലിക്കുകയും ചെയ്തു.വെയ്‌ബോ, ട്വിറ്റർ എന്നിവയിൽ നിന്നാണ് സർക്കാർ വീഡിയോ പിൻവലിച്ചത്.
എന്നാൽ വീഡിയോ തെറ്റായി പ്രചരിച്ചുവെന്ന് ആരോപിച്ച് താവോ രംഗത്തെത്തി. താൻ പറഞ്ഞത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ആളുകളെ ഭീതിയിലാഴ്ത്തുന്ന തരത്തിലുളള വീഡിയോ ചെയ്തതിൽ മാപ്പപേക്ഷിക്കുന്നുവെന്നും താവോ പറഞ്ഞു. സിനോഫാം വാക്‌സിന്റെ ആദ്യ ഡോസ് താൻ സ്വീകരിച്ചു കഴിഞ്ഞുവെന്നും താവോ വ്യക്തമാക്കി.
ഡിസംബർ 31 നാണ് സിനോഫാം വാക്‌സിൻ ഉപയോഗത്തിന് ചൈന സർക്കാർ അനുമതി നൽകിയത്. വാക്‌സിൻ 79 ശതമാനം സുരക്ഷിതമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരുന്നത്.
Post Your Comments