ന്യൂഡല്‍ഹി : യുഎഇയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 13-ാം സീസണിനിടെ ടീം രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി ഡല്‍ഹിയില്‍ നിന്നുള്ള ഒരു നഴ്‌സ് ഒരു ഇന്ത്യന്‍ താരത്തെ സമീപിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. ദക്ഷിണ ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ഡോക്ടറാണെന്ന വ്യാജേനയാണ് ഈ നഴ്‌സ് ഇന്ത്യന്‍ താരത്തെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അജിത്ത് സിങ്ങാണ് ഇതേ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. സെപ്റ്റംബര്‍ 30നാണ് നഴ്‌സ് താരത്തെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. വാതുവെയ്പ്പിനു വേണ്ടിയാണ് നഴ്‌സ് രഹസ്യങ്ങള്‍ ചോത്താന്‍ ശ്രമിച്ചതെന്ന് അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചു. നഴ്സും ക്രിക്കറ്റ് താരവും തമ്മില്‍ ഏതാണ്ട് മൂന്നു വര്‍ഷത്തെ പരിചയമുണ്ടെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. താരത്തിന്റെ ആരാധികയാണെന്ന് പറഞ്ഞാണ് നഴ്‌സ് പരിചയപ്പെട്ടത്.
ടീമുമായി ബന്ധപ്പെട്ട ചില രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് സമൂഹമാധ്യത്തിലൂടെ ഈ നഴ്‌സ് താരത്തോട് ചോദിച്ചത്. ഏതാനും വര്‍ഷം മുന്‍പ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള ഈ താരം ഉടന്‍ തന്നെ വിവരം ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷണം നടത്തിയിരുന്നുവെന്നും അജിത്ത് സിങ് പറഞ്ഞു. അതേസമയം സ്വകാര്യതയെ മാനിച്ച് ഈ താരത്തിന്റെയോ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുടെയോ പേര് പുറത്ത് വിട്ടിട്ടില്ല.
Post Your Comments