തിരുവനന്തപുരം: പ്രശസ്ത തമിഴ് സാഹിത്യകാരന്‍ ആർ . മാധവന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു ഇദ്ദേഹത്തിന്. മലയാളിയായ അദ്ദേഹം, തമിഴ് കൃതികളിലൂടെയാണ് പ്രസിദ്ധനായത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈ മാമണി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച വ്യക്തി കൂടിയാണ്.
തിരുവനന്തപുരം ചാല കമ്പോളത്തില്‍ പാത്രക്കട നടത്തവേയാണ് ആർ. മാധവന്‍ രചനകള്‍ കുറിച്ചിരുന്നത്. ഇവിടത്തെ കാഴ്ചകളും ജീവിതവുമാണ് അദ്ദേഹത്തിന്റെ രചനകളുടെ ആധാരം ആയിരിക്കുന്നത്. 80 വയസ്സ് പിന്നിട്ടപ്പോഴാണ് അദ്ദേഹം കടയില്‍ പോകുന്നത് നിര്‍ത്തി വിശ്രമജീവിതം തുടങ്ങുന്നത് .
പുനലും മണലും, കൃഷ്ണ പരുന്ത്, തൂവാനം, കാലൈ, എട്ടാവത് നാള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ചെറുകഥകളും നോവലുകളും ഉപന്യാസങ്ങളും എഴുതിയിരുന്നു.
മലയാറ്റൂരിന്റെ യക്ഷി, പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, കാരൂര്‍ നീലകണ്ഠ പിള്ളയുടെ മരപ്പാവകള്‍ തുടങ്ങിയ കൃതികള്‍ അദ്ദേഹം തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകങ്ങളില്‍ ഉള്‍പ്പെടുന്നു.
‘കടൈതെരുവിന്‍ കലൈഞ്ജന്‍’ എന്ന പേരില്‍ എഴുത്തുകാരന്‍ ബി ജയമോഹന്‍ അദ്ദേഹത്തെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്. സംസ്‌കാരം ജനുവരി ആറ് രാവിലെ 10ന് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍. ഭാര്യ പരേതയായ ശാന്ത. മൂന്ന് മക്കളുണ്ട്.
Post Your Comments