നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചു ; നഷ്ടമായത് 7ലക്ഷം രൂപ

തട്ടിപ്പിന് ഇരയായ വ്യക്തി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

ബംഗളൂരു : നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച 68-കാരന് നഷ്ടമായത് 7ലക്ഷം രൂപ. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച വയോധികനാണ് വന്‍ തുക നഷ്ടമായത്. തട്ടിപ്പിന് ഇരയായ വ്യക്തി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജനുവരി 18-ലെ യാത്രയ്ക്കുള്ള ടിക്കറ്റ് ആപ്പ് വഴിയാണ് ഇദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചത്.

തുടര്‍ന്ന് പേയ്‌മെന്റ് നടന്നിട്ടില്ല എന്നുള്ള ടെക്സ്റ്റ് മെസേജാണ് ലഭിച്ചത്. ഇതോടെ അക്കൗണ്ട് പരിശോധിച്ചു. അപ്പോഴാണ് ഏഴു ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തട്ടിപ്പിന് ഇരയായതിന് പിന്നാലെ ഡിസംബര്‍ 31ന് ടിക്കറ്റ് ബുക്കിംഗ് സ്ഥാപനത്തിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് ഇദ്ദേഹം വിളിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ പണം തിരികെ നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു ദീപക് കുമാര്‍ ശര്‍മ്മ എന്ന് സ്വയം പരിചയപ്പെടുത്തിയ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് പറഞ്ഞത്.

തുടര്‍ന്ന് മറ്റൊരു ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കാന്‍ വയോധികനോട് ഇദ്ദേഹം ആവശ്യപ്പെട്ടു. അക്കൗണ്ട് നമ്പറിന്റെ അവസാന നാലക്കം പറഞ്ഞു കൊടുത്തു. എന്നാല്‍ ഇതുവരെ പണം തിരിച്ച് കിട്ടിയിട്ടില്ലെന്നാണ് 68കാരന്‍ പറയുന്നത്. സംഭവത്തില്‍ വയോധികന്റെ പരാതി രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
Leave a Comment