തിരുവനന്തപുരം: സപ്ലൈകോ വഴി പിണറായി സർക്കാർ വിതരണം ചെയ്ത സൗജന്യ ഓണക്കിറ്റിലെ 11 ഇനങ്ങളില്‍ എട്ടും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തല്‍. സപ്ലൈകോ നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്.
ആലപ്പുഴ, താളിമ്പറമ്പ് , കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി തുടങ്ങി സംസ്ഥാനത്തെ 19 ഡിപ്പോകളിലായി എത്തിച്ച 31 ലോഡ് ശര്‍ക്കര ഭക്ഷ്യയോഗ്യമല്ലായിരുന്നു. ഗുണനിലവാരമില്ലാത്ത ശര്‍ക്കര നല്‍കിയതിന് വിതരണക്കാരന് ഒരു വര്‍ഷത്തെ വിലക്കും പിഴയും ഈടാക്കാന്‍ തീരുമാനിച്ചതായി സപ്ലൈകോ അറിയിച്ചു.
16 ഡിപ്പോകളില്‍ മോശം പപ്പടം വിതരണം ചെയ്തവരെ മൂന്നു മാസത്തേക്ക് വിലക്കാനും പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, പഞ്ചാസാരയടക്കം മോശം സാധനങ്ങള്‍ വിതരണം ചെയ്ത മറ്റ് വിതരണക്കാര്‍ക്കെതിരെ ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയില്‍നിന്ന് വ്യക്തമാണ്.
ആറ് ഡിപ്പോകളില്‍ കൊണ്ടുവന്ന ആറ് ലോഡ് പഞ്ചസാര, മൂന്ന് ഡിപ്പോകളിലായി എത്തിച്ച മൂന്ന് ലോഡ് ചെറുപയര്‍, തുവരന്‍പരിപ്പും വന്‍പയറും ഓരോ ലോഡും സാമ്പാർ പൊടിയുടെ മൂന്ന് ബാച്ചും മുളകുപൊടിയുടെ ഒരു ബാച്ചും ഗുണനിലവാരമില്ലാത്തതെന്ന് പരിശോധനയില്‍ കണ്ടെത്തി.
Post Your Comments